Skip to main content

ഗാന്ധിജിയെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് വര്‍ണംനല്‍കി കുരുന്നു പ്രതിഭകള്‍

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള കുരുന്നുമനസ്സുകളിലെ ഓര്‍മകളും സങ്കല്‍പങ്ങളും കാന്‍വാസിലേക്ക് നിറങ്ങളായി പകര്‍ന്നിറങ്ങിയപ്പോള്‍ അവ തീക്ഷ്ണമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മച്ചെപ്പുകളായി മാറി. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിലാണ് ഗാന്ധിജിയെ കുറിച്ചുള്ള കുരുന്നുഭാവനകള്‍ ചിറകുവിടര്‍ത്തിയത്. ഓര്‍മയിലെ ഗാന്ധി എന്നതായിരുന്നു എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍ വിഭാങ്ങളിലായി നടത്തിയ ചിത്രരചനാ മത്സരത്തിന്റെ വിഷയം. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും കുട്ടികളുടെ മനസ്സില്‍ എത്രമാത്രം സജീവമായി നില്‍ക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു മത്സരം.
ദക്ഷിണാഫ്രിക്കയിലെ തീവണ്ടിയാത്രയ്ക്കിടയില്‍ ബ്രിട്ടീഷുകാരനില്‍ നിന്നേറ്റ മര്‍ദ്ദനം മുതല്‍ ഗാന്ധിജിയുടെ അന്ത്യ നിമിഷങ്ങള്‍ വരെ കുരുന്നു ചിത്രകാരന്‍മാരുടെ ഓര്‍മകളില്‍ തെളിഞ്ഞു. ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും ഗാന്ധിജിയുടെ ശുചിത്വ അധ്യാപനങ്ങളും പ്രാര്‍ഥനാ സദസ്സും വിദേശ വസ്ത്ര ബഹിഷ്‌കരണവുമെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി ക്യാന്‍വാസുകളില്‍ നിറഞ്ഞു.
ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുള്‍ കരീം, കെ ശിവദാസന്‍, സി രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രരചനാ മത്സരത്തില്‍ അമ്പതിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഗാന്ധി സന്ദേശത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരവും നടന്നു.
പി എന്‍ സി/3682/2019

 

date