Skip to main content

സമഗ്ര ട്രോമകെയര്‍ പദ്ധതി: 100 ആംബുലന്‍സുകള്‍ കൂടി 21ന് ഫ്‌ളാഗ് ഓഫ് ചെയ്യും

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 100 ആംബുലന്‍സുകള്‍ കൂടി ഒക്‌ടോബര്‍ 21 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം നാലു മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മേയര്‍ സുമ ബാലകൃഷ്ണന്‍, കെ സുധാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
അപകടത്തില്‍ പെടുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 'കനിവ് 108' എന്ന പേരില്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനമാണ് കണ്ണൂരില്‍ നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലാണ് ഇവയുടെ സേവനം ലഭ്യമാക്കുക. കണ്ണൂര്‍ ജില്ലയ്ക്ക് 14 ആംബുലന്‍സുകളുടെ സേവനം തുടക്കത്തില്‍ ലഭിക്കും. ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പേരാവൂര്‍, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രികള്‍, പാനൂര്‍, ഇരിക്കൂര്‍, പിണറായി, മട്ടന്നൂര്‍, ഇരിവേരി, ഇരിട്ടി, പഴയങ്ങാടി സിഎച്ച്‌സികള്‍, വളപട്ടണം പിഎച്ച്‌സി എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് ജില്ലയില്‍ കനിവ് 108 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുക.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 100 ആംബുലന്‍സുകള്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലന്‍സുകളാണ് സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി നിരത്തിലിറക്കുന്നത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 32 വീതം, കോഴിക്കോട്- 31, തിരുവനന്തപുരം, പാലക്കാട്- 28 വീതം, കൊല്ലം, കണ്ണൂര്‍- 21 വീതം,  ആലപ്പുഴ- 18, കോട്ടയം-17, പത്തനംതിട്ട, ഇടുക്കി- 15 വീതം, കാസര്‍ഗോഡ്- 14, എറണാകുളം, വയനാട്- 11 ആംബുലന്‍സുകളാണ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലഭിക്കുക.
24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാകും. അപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയും അപകടസാധ്യത കൂടിയ സ്ഥലങ്ങളിലും കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാകുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. 108 എന്ന നമ്പറില്‍ വിളിച്ചാല്‍ ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ സേവനം ലഭിക്കും. ഇതിനു പുറമെ, സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുന്നതിനും നിര്‍ദ്ദേശങ്ങളും പരാതികളും പങ്കുവെക്കുന്നതിനും 1800 599 2270 എന്ന സൗജന്യ ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.
പരിശീലനം സിദ്ധിച്ച പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും അടങ്ങുന്ന ജീവനക്കാരുടെ സേവനം ഇവയിലുണ്ടാകും. ഒരേ സമയം 70 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്ന 'കോള്‍ സെന്റര്‍' മുഖേനയാണ് പദ്ധതിയുടെ പ്രവര്‍ത്തനം ക്രമീകരിക്കുക. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ കെ വി ലതീഷ്, കെഎംഎസ്‌സിഎല്‍ ഡെപ്യൂട്ടി മാനേജര്‍ രാജീവ് ശേഖര്‍, ഇഎംആര്‍ഐ പ്രൊജക്ട് മാനേജര്‍ ശരവണന്‍, കെഎംഎസ്‌സിഎല്‍ കണ്‍സല്‍ട്ടന്റ് ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി എന്‍ സി/3684/2019

 

date