Skip to main content

നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ സർക്കാർ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ പരിപോഷിപ്പിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നിയോജക മണ്ഡലത്തിലെ തയ്യൂർ ഗവ. ഹൈസ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ നഷ്ടത്തിലായ ധാരാളം സ്‌കൂളുകളുണ്ട്. അവയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാതെ കടക്കെണിയിലായ നടത്തിപ്പുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. തുടർന്ന് അവയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിക്കും. ഇത്തരത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു സ്‌കൂളിൽ നീന്തൽക്കുളം പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള നീന്തൽക്കുളങ്ങൾ നിർമിക്കും. പ്രധാന സ്‌കൂളുകൾ നിലനിൽക്കുന്ന നഗരങ്ങളിൽ സ്റ്റേഡിയം നിർമിച്ച് കായിക പ്രതിഭകൾക്ക് പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തയ്യൂർ ഗവ. ഹൈസ്‌കൂളിൽ പുതിയ വേദി നിർമിക്കാൻ ജില്ലാപഞ്ചായത്ത് 2020-21 സാമ്പത്തികത്തിൽ 25 ലക്ഷം രൂപ വകയിരുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു.
5000 ചതുരശ്ര അടിയിൽ നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ എട്ടു ക്ലാസ് മുറികളാണ് ഉണ്ടാവുക. രണ്ടു നിലകളിലായാണ് കെട്ടിടം പണിയുന്നത്. നിർമാണത്തിന് സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞതിനാൽ പെട്ടെന്നു തന്നെ പൂർത്തിയാക്കാനാകും. യോഗത്തിൽ പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ വി കെ ശ്രീബാല റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ് നായർ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കുര്യാക്കോസ് ജോൺ, വേലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വപ്‌ന രാമചന്ദ്രൻ, വാർഡ് മെമ്പർ ടി കെ മുരളി, പ്രധാനാധ്യാപകൻ എം സുരേഷ് എന്നിവർ പങ്കെടുത്തു.

date