Skip to main content

കുന്നംകുളം നഗരവികസനത്തിന് 130 കോടി: മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ 50 കോടി- മന്ത്രി ഏ സി മൊയ്തീൻ

കുന്നംകുളം നഗര വികസനത്തിന് 130 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. പ്രധാനമായും നഗരത്തോടു ചേർന്നു കിടക്കുന്ന റിങ് റോഡുകളുടെ വികസനമാണ് ഇതിൽ ഉൾക്കൊള്ളിക്കുന്നത്. നിലവിലെ ബസ്റ്റാൻഡ് പരിസരത്തെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് ഏറ്റെടുക്കൽ നടപടിയും പൂർത്തിയാക്കും. കുന്നംകുളം - പാറേമ്പാടം ബൈപ്പാസ് റോഡിന്റെ നിർമാണവും നഗരവികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കുറുക്കൻ പാറയിൽ താലൂക്ക് ഓഫീസ് കെട്ടിടം പണിയുന്നതിന് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മരത്തംകോട് ഗവ. ഹയർ സെക്കൻഡറി ഹൈസ്‌കൂൾ കെട്ടിടം, കുട്ടഞ്ചേരി ഗവ. എൽ പി സ്‌കൂൾ കെട്ടിടം എന്നിവ നിർമിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. കുന്നംകുളം മണ്ഡലത്തിലെ ഒരു സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 6.37 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 6.65 കോടി രൂപയുടെയും എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 5.38 കോടി രൂപയുടെയും നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
വടുതല ഗവ. എൽ പി സ്‌കൂൾ (88 ലക്ഷം), എരുമപ്പെട്ടി എൽ പി സ്‌കൂൾ (79.5 ലക്ഷം), കുന്നംകുളം ഗവ. എൽ പി ഗേൾസ് സ്‌കൂൾ (60 ലക്ഷം) എന്നിവിടങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കിരാലൂർ എൽ പി സ്‌കൂൾ ഏറ്റെടുക്കാൻ 79.5 ലക്ഷം രൂപ നൽകി കഴിഞ്ഞു. 80 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂൾ കെട്ടിട നിർമാണ പ്രവർത്തനങ്ങളും നടന്നുവരുന്നു. കുന്നംകുളം ഗവ. ബോയ്‌സ് സ്‌കൂളിൽ ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഇതുകൂടാതെ കിഫ്ബി പദ്ധതിയിൽ ബോയ്‌സ് ഹൈസ്‌കൂളിന് ഒരു കോടി രൂപ വേറെയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുന്നംകുളം ഗവ പോളിടെക്‌നിക്ക് കോളേജ് വികസനപ്രവർത്തനങ്ങൾക്കായി ഒൻപതു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വേലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 1.95 കോടി, മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 70 ലക്ഷം, കൊരട്ടിക്കര ഗവ. യു പി സ്‌കൂളിന് 40 ലക്ഷം, എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എൽ പി സ്‌കൂളിന് 25 ലക്ഷം, കടങ്ങോട് പാറപ്പുറം എൽ പി സ്‌കൂളിന് 1.12 കോടി, കുന്നംകുളം ഗേൾസ് ഹൈസ്‌കൂളിന് 1.62 കോടി, ചിറ്റണ്ട എൽ പി സ്‌കൂളിന് സ്‌കൂൾ ബസ് വാങ്ങുന്നതിന് 12 ലക്ഷം എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
പാചകപ്പുര നിർമാണത്തിന് ചിറളയം ബഥനി 12 ലക്ഷം, ചിറളയം ബഥനി എൽ പി 10 ലക്ഷം, തിരുത്തിക്കാട് ഭാരതമാതാ സ്‌കൂൾ 9 ലക്ഷം എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. വേലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഗ്രൗണ്ട് നിർമാണത്തിന് ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ നിർമാണം നടന്നു വരികയാണ്.
വേലൂർ - കിരാലൂർ റോഡ് നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തിരക്കു മൂലം വീർപ്പുമുട്ടുന്ന കേച്ചേരി ജംഗ്ഷന്റെ വികസനവും ഈ വർഷം ആരംഭിക്കും. 13.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന അക്കിക്കാവ്-പഴഞ്ഞി റോഡിന്റെ പുനർ നിർമാണ പ്രവർത്തനങ്ങളും തുടങ്ങി. പന്നിത്തടം-കേച്ചേരി, എരുമപ്പെട്ടി-അക്കിക്കാവ് ബൈപ്പാസുകളുടെ പുനർ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നു മന്ത്രി ഏ സി മൊയ്തീൻ അറിയിച്ചു.

date