Skip to main content

രാമൻകുളം കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം 24 ന്

എടത്തുരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഒക്‌ടോബർ 24 രാവിലെ ഒൻപതിന് ചെന്ത്രാപ്പിന്നി അലുവതെരുവിന് സമീപം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമായുള്ള എടത്തുരുത്തി പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളിലെ കുടിവെള്ള വിതരണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന 4,5, ആറ്, പതിനാല് വാർഡുകൾ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഇതിൽ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അഞ്ച്, ആറ് വാർഡുകളിലേയ്ക്ക് വെള്ളമെത്തിച്ചു ക്ഷാമം തീർക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ ജലലഭ്യതയ്ക്കനുസരിച്ച് മറ്റു രണ്ടു വാർഡുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.

ചെന്ത്രാപ്പിന്നി അലുവതെരുവിലുള്ള രാമൻകുളത്തിൽ 3.6 ഡയാമീറ്റർ ഉള്ള കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽട്ടർ, മോട്ടോർ പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ച് കുടിവെള്ള വിതരണം സാധ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിൽനിന്നും 90 എംഎം വ്യാസമുള്ള പൈപ്പ് 3348 മീറ്റർ നീളത്തിലും 110 എംഎം വ്യാസമുള്ള പൈപ്പ് 204 നീളത്തിലും ഇട്ട് വിവിധ പ്രദേശങ്ങളിലെ 8 സ്ഥലങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. 20,000 ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കയ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപയാണ് അടങ്കൽ തുക. വാട്ടർ അതോറിറ്റിക്കാണ് നിർമ്മാണച്ചുമതല. കമ്മീഷൻ ചെയ്ത് പണി പൂർത്തീകരിച്ചാലുടൻ പഞ്ചായത്തിന് കൈമാറും.

കൈപ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാലക്കുടി എംപി ബെന്നി ബഹനാൻ മുഖ്യാതിഥിയാകും. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. കൗശികൻ പദ്ധതി വിശദീകരിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ എന്നിവർ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ, ബി.ജി. വിഷ്ണു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി. സതീഷ്, സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

date