Skip to main content

വനാവകാശ രേഖ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫൈഡ് കോപ്പി നല്‍കും

പ്രളയത്തില്‍ വനാവകാശരേഖ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫൈഡ് കോപ്പി അനുവദിക്കാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ വനാവകാശ നിരീക്ഷണ സമിതി യോഗം തീരുമാനിച്ചു. റവന്യൂ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വനാവകാശ രേഖ നല്‍കേണ്ടതില്ലെന്നും സമിതി നിര്‍ദ്ദേശിച്ചു. പ്ലാന്റേഷനിലുള്ള കൈവശഭൂമി, റവന്യൂ ഭൂമിയിലുള്ള കൈവശങ്ങള്‍ എന്നിവയ്ക്ക് രേഖ നല്‍കില്ല. കൃഷിക്കും താമസത്തിനുമല്ലാതെയുള്ള അപേക്ഷ പരിഗണിക്കില്ല. വനാവകാശ രേഖയുള്ള സ്ഥലം ഗുണഭോക്താവ് വിറ്റുകഴിഞ്ഞാലും രേഖ റദ്ദാക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. വനാവകാശ രേഖയ്ക്കുള്ള 8136 അപേക്ഷ അംഗീകരിച്ചു.  6357 എണ്ണം തീര്‍പ്പാക്കി. 110 എണ്ണം പുനപരിശോധനയ്ക്ക് മാറ്റി. ദേവികുളം ആര്‍.ഡി ഓഫീസില്‍ നവംബര്‍ രണ്ടിന് സബ്ഡിവിഷന്‍ തലത്തില്‍  ഹിയറിംഗ് നടത്തും. നവംബര്‍ 29ന് രാവിലെ 11ന്കലക്ടറുടെ ചേമ്പറില്‍ ജില്ലാ വനാവകാശ നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് നിലവിലുള്ള എല്ലാ അപേക്ഷകളും തീര്‍പ്പാക്കുമെന്നും അധ്യക്ഷന്‍ അറിയിച്ചു. ആര്‍.ഡി.ഒ അതുല്‍ എസ് നാഥ്, ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണന്‍, ഡി.എഫ്.ഒ മാരായ എം.വി.ജി കണ്ണന്‍ ( മൂന്നാര്‍), ബി. രഞ്ജിത് (മറയൂര്‍) വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. ലക്ഷ്മി ( മൂന്നാര്‍), സാജു പി.യു (ഇടുക്കി), ഐ.റ്റി.ഡി.പി പ്രോക്ട് ഓഫീസര്‍ ശ്രീരേഖ കെ.എസ് തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു.

date