Skip to main content

ജില്ലയില്‍ പരിഗണന പ്രളയ ബാധിത മേഖലകള്‍ക്ക്  ---- ചലന വൈകല്യമുള്ളവര്‍ക്ക് ആധുനിക സഹായ ഉപകരണങ്ങള്‍ നല്‍കാന്‍ വിപുല പദ്ധതി

ചലനവൈകല്യമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം  ചെയ്യുന്നതിനുള്ള  സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി കോട്ടയം ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ നടപ്പാക്കും.  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.

സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റീഹാബിലിറ്റേഷന്‍(എന്‍.ഐ.പി.എം.ആര്‍) ആണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ എട്ടു വരെ കോട്ടയം ജില്ലാ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി,  ചങ്ങനാശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രാഥമിക രജിസ്ട്രേഷന്‍ നടത്താം. 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സാക്ഷ്യപത്രമുള്ളവരെയാണ് പരിഗണിക്കുക.

ഇതിനു പുറമെ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരുടെയും ആശാ വര്‍ക്കര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തി ഗുണഭോക്താക്കളുടെ വിവരം ശേഖരിക്കും. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദമായ മെഡിക്കല്‍ പരിശോധന നവംബര്‍ അവസാനം കോട്ടയത്തും വൈക്കത്തും നടത്തും. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പരിശോധനാ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യമുള്ള ആധുനിക സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കും.

എന്‍.ഐ.പി.എം.ആര്‍ മുഖേന സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്കു പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നീക്കിവച്ചിട്ടുള്ള തുകയും സ്വകാര്യ സ്പോണ്‍സര്‍ഷിപ്പും ഇതിനായി പ്രയോജനപ്പെടുത്താനാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അസിസ്റ്റന്‍റ് കളക്ടര്‍ ശിഖാ സുരേന്ദ്രനെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.

എ.ഡി.എം ടി.കെ. വിനീത്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെയും എന്‍.ഐ.പി.എം.ആറിന്‍റെയും എക്സിക്യൂട്ടിവ് ഡയറക്ടറായ ഡോ. മുഹമ്മദ് അഷീല്‍, ഡി.എല്‍.എസ്.എ സെക്രട്ടറി ടിറ്റു ജോര്‍ജ്, സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. നസീം, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date