Skip to main content

കാഞ്ഞിരപ്പള്ളിയില്‍ സംസ്കരിച്ചത് പത്തു ടണ്‍ പ്ലാസ്റ്റിക് മാലിന്യം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ഷ്രെഡിംഗ് യൂണിറ്റില്‍ ഇതുവരെ സംസ്കരിച്ചത് പത്തു ടണ്‍ പ്ലാസ്റ്റിക് മാലിന്യം. ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളില്‍നിന്നാണ് ഇവ ശേഖരിച്ചത്. ഇതിനു പുറമെ 700 കിലോ പ്ലാസ്റ്റിക് കുപ്പികളും ഇവിടെ സംസ്കരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.

ഒരു വര്‍ഷം മുമ്പാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ  പഴയ കെട്ടിടത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരായ പുരുഷന്‍മാരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനമാണ് മാലിന്യ ശേഖരണവും സംസ്കരണവും സജീവമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ് പറഞ്ഞു.

മണിക്കൂറില്‍ 100 കിലോ  പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ഷ്രെഡിംഗ് മെഷീനാണ് യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ളത്. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തുകള്‍ ഷ്രെഡിംഗ് യൂണിറ്റിലെത്തിക്കും. ഇവയില്‍ നിന്നും 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കാണ് പൊടിച്ചെടുക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍ ബെയിലിംഗ് മെഷീന്‍ ഉപയോഗിച്ച്  ഷീറ്റുകളാക്കി മാറ്റും. ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി 18.80 ലക്ഷം രൂപ ചിലവഴിച്ചാണ് സംസ്കരണ പദ്ധതി ആരംഭിച്ചത്.  പാറത്തോട്, കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളില്‍ നിന്നും എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്‍ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

date