Skip to main content

സൗജന്യമായി ഡയാലിസിസ് കിറ്റുകളും ഓക്സിജന്‍ സിലിന്‍ഡറുകളും നല്‍കി ജനമൈത്രി പോലീസ്

വൃക്ക രോഗികളായ ഒന്‍പതു പേര്‍ക്ക് ഡയാലിസിസ് കിറ്റുകളും ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് സൗജന്യമായി ഓക്സിജന്‍ സിലിന്‍ഡറും നല്‍കി ജനമൈത്രി വ്യക്തമാക്കി പാലായിലെ പോലീസുകാരുടെ കൂട്ടായ്മ.  

ഭവന സന്ദര്‍ശനത്തിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തിയ ശേഷം പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച  സീനിയര്‍ സിറ്റിസണ്‍ സംഗമത്തിലാണ് കിറ്റുകള്‍ നല്‍കിയത്. പാലാ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിക്കാണ് ജന സമിതിയുടെ സഹകരണത്തോടെ ഓക്സിജന്‍ സിലിന്‍ഡര്‍ ലഭ്യമാക്കിയത്.

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ബിജി ജോജോ പരിപാടി  ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി കെ.സുഭാഷ് അധ്യക്ഷനായി. ഡയാലിസീസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി വിനോദ് പിള്ള നിര്‍വ്വഹിച്ചു. എം. ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം മിയാ ജോര്‍ജ് മികച്ച സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച റെസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ചലച്ചിത്ര താരം ചാലി പാല നിര്‍വ്വഹിച്ചു.

മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തി ജനമൈത്രി പോലീസ് ആരംഭിക്കുന്ന മൊബൈല്‍ ഹോട്ട്ലൈന്‍ ആപ്ലിക്കേഷന്‍ ചടങ്ങില്‍ പരിചയപ്പെടുത്തി. ജനമൈത്രി കമ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ ബിനോയി തോമസ് സ്വാഗതവും ജനസമിതി അംഗം ഡോ. പി.ഡി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

date