Skip to main content

വിദ്യാർഥിനികൾക്ക് മാനസിക ആരോഗ്യമേകാൻ വനിത കമ്മിഷന്റെ കലാലയ ജ്യോതി പദ്ധതി 

ആലപ്പുഴ: സ്‌കൂൾ, കോളജ് വിദ്യാർഥിനികളെ മാനസിക ആരോഗ്യമുള്ളവരാക്കി മാറ്റുന്നതിനായി ആരംഭിച്ച കലാലയ ജ്യോതി പദ്ധതി സംസ്ഥാനത്തെ അഞ്ഞൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുമെന്ന് വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷാഹിദ കമാൽ എന്നിവർ പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽനടന്ന മെഗാ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. 

ചെറിയ പ്രശ്‌നങ്ങളെ പോലും തരണം ചെയ്യാൻ വിദ്യാർഥിനികൾക്കു കഴിയുന്നില്ല. ചെറിയ പ്രശ്‌നങ്ങൾക്ക് സ്‌കൂൾ വിദ്യാർഥികൾ പോലും ആത്മഹത്യയിൽ അഭയംപ്രാപിക്കുന്ന അവസ്ഥയുണ്ട്. ഉയർന്ന വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരമുണ്ടായിട്ടും മാനസിക ആരോഗ്യത്തിൽ പിന്നിലാണ്. ഈ അവസ്ഥയ്ക്കു മാറ്റം വരുത്താനും സാമൂഹിക ബോധമുള്ളവരായി മാറ്റുന്നതിനുമായാണ് കലാലയ ജ്യോതി പദ്ധതി ആരംഭിച്ചത്. എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥിനികളെ മാനസിക ആരോഗ്യമുള്ളവരായി മാറ്റുന്നതിനുള്ള ദീർഘകാല പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. ഇവർക്ക് വിദഗ്ധരുടെ ക്ലാസുകൾ നൽകും. കൗൺസിലേഴ്‌സിന്റെ സഹായം ലഭ്യമാക്കും. സ്‌കൂൾ അധ്യാപകരുടെയടക്കം സഹായത്തോടെയാണ് ഇത് നടപ്പാക്കുക. പ്രതിസന്ധികളെ തരണംചെയ്യാനുള്ള ശേഷി വളർത്തുകയാണ് ലക്ഷ്യമെന്നും ഇവർ പറഞ്ഞു.

                                                            

(പി.എൻ.എ. 82/2018)

date