Skip to main content

വേനല്‍കാല ജലസംരക്ഷണം മുന്നൊരുക്കങ്ങള്‍ നടത്തണം

ഹരിതകേരളമിഷന്റെ ആഭിമുഖ്യത്തില്‍ ശുചിത്വം, മാലിന്യസംസ്‌ക്കരണം, കൃഷി, ജലസംരക്ഷണമേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് തദ്ദേശഭരണതലത്തില്‍ സാങ്കേതികസമിതികള്‍ ചേരുന്നതിനും വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനും മുന്‍ഗണന നല്‍കാനും ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാതല കര്‍മ്മസേനയുടെ യോഗത്തില്‍ തീരുമാനിച്ചു. മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഈ മാസം 20നകം സാങ്കേതികസമിതികള്‍ യോഗം ചേരണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായി ജലസംരക്ഷണം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായി കൃഷി, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറായി ശുചിത്വം , മാലിന്യസംസ്‌ക്കരണം ഉപസമിതികള്‍ രൂപീകരിച്ചു. വരള്‍ച്ച പ്രതിരോധത്തിന് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ആവിഷ്‌ക്കരിക്കണം. ജലസംരക്ഷണം പൊതുജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നും തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് ജനങ്ങള്‍ വരള്‍ച്ച നേരിടാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. അടുത്ത വാര്‍ഷിക പദ്ധതിയില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ നീര്‍ത്തടാധിഷിത വികസന പരിപാടികള്‍ക്ക് സംയോജിത പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ ഈ മാസം 31നകം നടപ്പിലാക്കണം. ഇത് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 121 പോര്‍ട്ടബിള്‍ റൈസ്മില്‍ സ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 50 പാടശേഖരസമിതികള്‍ക്കും പോര്‍ട്ടബിള്‍ റൈസ് മില്‍ നല്‍കും. പച്ചക്കറി വിളവെടുപ്പ് പരിപാടികളും കൊയ്ത്തുത്സവങ്ങളും സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഹരിതകേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ അസി പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി കെ സുബൈര്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുഷമ സംസാരിച്ചു.
date