Skip to main content

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസംരക്ഷണമിഷന്‍ - ജലസമൃദ്ധി- പ്രവര്‍ത്തനം തുടങ്ങി.

ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജലസംരക്ഷണ ഉപമിഷന്‍ -ജലസമൃദ്ധി- പ്രവര്‍ത്തനം തുടങ്ങി. അനാവശ്യമായി കുളങ്ങളും തടയണകളും നിര്‍മ്മിക്കാതെ നീര്‍ത്തടത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കി ദീര്‍ഘ വീക്ഷണത്തോടെയുള്ള ജല-മണ്ണ് സംരക്ഷണ പദ്ധതി തയ്യാറാക്കുകയാണ് മിഷന്‍ ലക്ഷ്യം വക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. നീര്‍ത്തടാടിസ്ഥാനത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും നടത്തി ജലലഭ്യതയും ഉത്പാദന ക്ഷമതയും വര്‍ധിപ്പിക്കുക, ജനങ്ങളില്‍ ജലവിനിയോഗ സംസ്‌കാരവും ജലസാക്ഷരതയും വളര്‍ത്തിയെടുക്കുക, നിലവിലുള്ള ജലസ്രോതസുകളുടെ നവീകരണവും ശുദ്ധീകരണവും പരിപാലനവും ഉറപ്പാക്കുക, ഇതുവഴി ചുറ്റുപാടുകളെ ശുദ്ധജലത്തിന്റെയും ജലസമൃദ്ധിയുടെയും കേന്ദ്രമാക്കി മാറ്റുക എന്നിവയും പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിച്ചതിന്റെ ജില്ലാതല വിവരശേഖരം തയ്യാറാക്കും. കിണറുകളുടെ ശുചീകരണവും മഴവെള്ള റീചാര്‍ജ്ജും ഉറപ്പുവരുത്തും. ക്വാറികള്‍ പോലുള്ള മനുഷ്യ പ്രവര്‍ത്തനത്തിലുണ്ടായ ജലസ്രോതസ്സുകള്‍ ഭാവിയിലെ ഉപയോഗത്തിനായി ജലസംഭരണികളായി സംരക്ഷിക്കും. ഭൂപ്രകൃതിക്കനുസൃതമായി അനുയോജ്യമായ സങ്കേതിക വിദ്യ അവലംബിച്ച് പരമാവധി വെള്ളം മണ്ണിലിറങ്ങാന്‍ നടപടി എടുക്കും. പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ നീര്‍ത്തട പ്ലാനുകള്‍ തയ്യാറാക്കും. ഇതിനായി വിദഗ്ധരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെട്ട സമിതി നീര്‍ത്തടത്തിന്റെ സ്വഭാവും സാധ്യതകളും മനസിലാക്കുന്നതിന് മുകളില്‍ നിന്ന് താഴോട്ട് എന്ന ക്രമത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിക്കും. ഈ നടത്തത്തില്‍ പദ്ധതി രൂപീകരണത്തിന് ആവശ്യമായി എല്ലാ ഘടകങ്ങളും കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരം പ്ലാനുകള്‍ ബ്‌ളോക്കു തലത്തില്‍ ഏകോപിപ്പിച്ച് സമഗ്ര നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ബ്ലോക്ക് പരിധിക്കകത്തുള്ള ചെറു നീര്‍ത്തടങ്ങളെ അടിസ്ഥാന യൂണിറ്റായി എടുത്തുകൊണ്ട് ചെറുനീര്‍ത്തട വികസന യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനത്തിനായി ഗ്രാമ-മുനിസിപ്പല്‍ തലത്തിലും, ബ്‌ളോക്ക്-ജില്ലാ തലത്തിലും സാങ്കേതിക സമിതികള്‍ രൂപീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇവരുടെ നേതൃത്വത്തിലാണ് നീര്‍ത്തടനടത്തം സംഘടിപ്പിക്കുക. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്കും കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതിനു പുറമെ 25 പഞ്ചായത്തുകളില്‍ സാങ്കേതിക സമിതികളും നിലവില്‍ വന്നു. ഈ പഞ്ചായത്തുകള്‍ നിര്‍ത്തട സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടത്തത്തിനു തയ്യാറെടുക്കുകയാണ് ഇപ്പോള്‍. ഗ്രാമ പഞ്ചായത്തുകളില്‍ മൈനര്‍ ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരിക്കും സങ്കേതിക സമിതിയുടെ കണ്‍വിനര്‍. ഹരിത കേരളമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കും.
date