Skip to main content

സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കമായി

* മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
പുരാതന നാണയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ദക്ഷിണേന്ത്യൻ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 30-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി. പി.എം.ജിയിലെ പ്ലാനറ്റോറിയം സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഹാളിൽ നടക്കുന്ന സമ്മേളനം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മനുഷ്യ പരിണാമത്തിന്റേയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വളർച്ചയാണ് നാണയശാസ്ത്ര പഠനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ശ്രീപാദം കൊട്ടാരത്തെ നാണയ മ്യൂസിയവും പഠനകേന്ദ്രവുമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ബൃഹത്തായ നാണയനിധി ശേഖരമാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പക്കലുള്ളത്. നാണയങ്ങൾ സംബന്ധിച്ച് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗവേഷണങ്ങൾ പൂർത്തിയാകുന്നതോടെ കേരളചരിത്രം സംബന്ധിച്ച  പ്രധാന പഠനസ്രോതസായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നാണയ ഗവേഷണ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സൊസൈറ്റിയുടെ ജേർണൽ ചടങ്ങിൽ പ്രകാശനം ചെയ്തു. നാണയശാസ്ത്ര രംഗത്തെ വിദഗ്ധരായ ഡോ. എം.ഡി. സമ്പത്ത്, ഡോ. എ.വി. നരസിംഹ മൂർത്തി, ഡോ. ടി. സത്യമൂർത്തി എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ പൗരാണിക നാണയങ്ങളെക്കുറിച്ചുള്ള പുതിയ പഠന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചകളും നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറിൽപ്പരം പ്രതിനിധികൾ  സംബന്ധിച്ചു. സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ. സോന തുടങ്ങിയവർ സംബന്ധിച്ചു. പുരാവസ്തു വകുപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്.246/2020

date