Skip to main content

കുതിരാനിൽ ഭൂഗർഭ ലൈൻ സ്ഥാപിക്കൽ: 28നും 29നും ഗതാഗത നിയന്ത്രണം

കേരളത്തിന് 2000 മെഗാ വാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളിൽനിന്ന് ലഭിക്കാനുള്ള പുഗളൂർ-തൃശൂർ എച്ച്.വി.ഡി.സി ലൈൻ കമീഷനിംഗിന് മുന്നോടിയായുള്ള ട്രയൽ റൺ നടത്തുന്നതിനാൽ ജനുവരി 28, 29 തീയതികളിൽ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
ജനുവരി 28, 29 തീയതികളിൽ എറണാകുളം ജില്ലയിൽ നിന്നും തൃശൂരിൽ നിന്നും കുതിരാൻ വഴി കടന്നു പോകേണ്ട മൾട്ടി ആക്സിൽ ട്രെയിലറുകൾ, ഫ്യൂവൽ ബുളളറ്റുകൾ, പത്തോ അതിൽ കൂടുതലോ ചക്രങ്ങൾ ഉളള വാഹനങ്ങൾ, 12 ടണ്ണിൽ അധികമുളള ഹെവി വാഹനങ്ങൾ എന്നിവ രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ അധികൃതർ തടയുന്നതാണ്. അഞ്ച് മണിക്ക് ശേഷം ഈ വാഹനങ്ങൾക്ക് ഇത് വഴി യാത്ര അനുവദിക്കും.
സ്വകാര്യ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മണ്ണുത്തി-വടക്കാഞ്ചേരി-ചേലക്കര-പഴയന്നൂർ റൂട്ടിൽ വഴി തിരിച്ചു വിടും.
പാസഞ്ചർ വാഹനങ്ങൾ, ട്രാൻസ്പോർട്ട് ബസുകൾ, അടിയന്തര-സർക്കാർ വാഹനങ്ങൾ എന്നിവ കുതിരാൻ വഴി തന്നെ യാത്ര ചെയ്യുന്നതിന് സൗകര്യം ക്രമീകരിക്കും.
പ്രസ്തുത റൂട്ട് വഴിയുളള നീട്ടിവെയ്ക്കാവുന്ന യാത്രകൾ 2020 ജനുവരി 28, 29 തീയതികളിൽ ഒഴിവാക്കാൻ കലക്ടർ അഭ്യർത്ഥിച്ചു.
ആവശ്യമുളള സുരക്ഷ, ആരോഗ്യ, അടിയന്തിര അടിയന്തിര സഹായ സൗകര്യം കുതിരാൻ ഭാഗത്ത് ഏർപ്പെടുത്തുന്നുണ്ട്. ഹെവി വാഹന ഉടമകളും ഡ്രൈവർമാരും പകൽ സമയത്ത് കുതിരാൻ വഴി യാത്ര ഒഴിവാക്കാൻ താൽപര്യപ്പെടുന്നതായി കളക്ടർ അറിയിച്ചു. വൈകീട്ട് അഞ്ചിന് ശേഷം നിയന്ത്രണം ഉണ്ടാവില്ല. പൊതുജനങ്ങൾ ഈ ദിവസങ്ങളിൽ കഴിയുന്നതും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്. താഴെപ്പറയുന്ന നമ്പറുകളിൽ അധിക വിവരങ്ങൾ/അടിയന്തിര സഹായം എന്നിവ ലഭ്യമാണ്. ഫോൺ: 8547614417 (വില്ലേജ് ഓഫീസർ, പീച്ചി), 8547614415 (വില്ലേജ് ഓഫീസർ, പാണഞ്ചേരി)
പുഗളൂർ-തൃശൂർ എച്ച്.വി.ഡി.സി ലൈൻ കമീഷൻ ചെയ്യാൻ 1.2 കിലോമിറ്റർ ഭൂഗർഭ കേബിൾ കൂടി സ്ഥാപിക്കേണ്ടതിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 4500 കോടി രൂപ ചെലവിൽ കമ്മീഷൻ ചെയ്യേണ്ടുന്ന എച്ച്.വി.ഡി.സി ലിങ്കിന്റെ ഭാഗമായുള്ള സ്റ്റേഷൻ തൃശൂർ മാടക്കത്തറയിൽ തയ്യാറായി കഴിഞ്ഞു. 19000 കോടി രൂപ ചിലവിട്ട് പൂർത്തിയായ എച്ച്.വി.ഡി.സി സംവിധാനം ഉത്തരകേരളത്തിലെ സായാഹ്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുളള പദ്ധതിയാണ്. ഈ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ട്രയൽ റൺ ആണ് ജനുവരി 28, 29 തിയതികളിൽ നടക്കുന്നത്.

date