സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള അടുത്ത വര്‍ഷം മുതല്‍ വിപുലമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
*സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഉദഘാടനം ചെയ്തു
അടുത്ത വര്‍ഷം മുതല്‍ ഗെയിംസിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള കൂടുതല്‍ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.ബി.എസ്.ഇ., നവോദയ, കേന്ദ്രീയ വിദ്യാലയ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ കായിക മേള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ കായിക രംഗത്തെ അഭിമാന നിമിഷമാണിത്. ഈ മേള സുപ്രധാനമായ ഒരു ചുവടുവയ്പാണ്. കേന്ദ്ര സിലബസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കായിക മേള സംഘടിപ്പിക്കുന്നത് രാജ്യത്തുതന്നെ ഇതാദ്യമാണ്. കായിക ഭൂപടത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഒരു വിഭാഗത്തെ കളിക്കളത്തില്‍ ഒപ്പം നിര്‍ത്താനും കായികൗന്നത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് സെന്‍ട്രല്‍ സ്‌കൂള്‍ മേള സംഘടിപ്പിക്കുന്നത്. പല കാര്യങ്ങളിലും രാജ്യത്തിനു മാതൃകയായ നമ്മുടെ സംസ്ഥാനം ഇക്കാര്യത്തിലും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്. ഈ വര്‍ഷം അത്‌ലറ്റിക് ഇനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ ഉള്ളൂവെങ്കിലും അടുത്ത വര്‍ഷം മുതല്‍ മേള വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ സ്വാഗതം പറഞ്ഞു. കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ഇന്ദിര രാജന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, സ്‌പോര്‍ട്‌സ്-യുവജന കാര്യ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്‌മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.380/18
- Log in to post comments