Skip to main content

സിവില്‍ സ്റ്റേഷനില്‍ മോക്ക് ഡ്രില്‍

 

സിവില്‍ സ്റ്റേഷനില്‍ 11.30 ഓടെ  തീപിടുത്തത്തിന് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള ഫയര്‍ അലാറം മുഴങ്ങി. സിവില്‍ സ്റ്റേഷന്‍ കെട്ടിടസമുച്ചയത്തിലെ മൂന്നാം നിലയില്‍ പഴയ ബ്ലോക്കിനെയും പുതിയ ബ്‌ളോക്കിനെയും യോജിപ്പിക്കുന്ന കോറിഡോറില്‍ നിന്നാണ് തീയും പുകയും കണ്ടത്. തീയണയ്ക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വിവരമെത്തി. ജീവനക്കാരെ തിടുക്കത്തില്‍ പുറത്തെത്തിക്കാനാരംഭിച്ചു. 

മൂന്ന് മിനിറ്റിനകം ഫയര്‍ ടെന്‍ഡര്‍ അടക്കമുള്ള ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. ഒന്നിന് പുറകെ ഒന്നായി കാക്കനാട്് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള നാല് ആംബുലന്‍സുകളും കളക്ടറേറ്റ് പരിസരത്തെത്തി. റോഡുകളില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആംബുലന്‍സുകള്‍ക്കും ഫയര്‍ എഞ്ചിനുകള്‍ക്കും പൊലീസ് വഴിയൊരുക്കി. തുടര്‍ന്ന് തീയണക്കാനുള്ള ശ്രമം. അതോടൊപ്പം ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കലും. 

പുകയില്‍ കുരുങ്ങി അവശനായ ഒരാളെ രണ്ടാം നിലയില്‍ നിന്നും കയറുപയോഗിച്ചും മറ്റ് മൂന്നു പേരെ ഒന്നാം നിലയില്‍ നിന്നും ഗോവണിയും സ്‌ട്രെച്ചറുമുപയോഗിച്ചും പുറത്തെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കാന്‍ നടപടികളെടുത്തു. 11.45-ഓടെ ആളുകളെ പൂര്‍ണമായും കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമായതോടെ കെട്ടിടത്തില്‍ വീണ്ടും ആളുകളുണ്ടോ എന്ന കണക്കെടുപ്പ്. തുടര്‍ന്ന് 11.47 -ഓടെ ഓള്‍ ക്‌ളിയര്‍ സന്ദേശവും. 

സിവില്‍സ്റ്റേഷനില്‍ ഇന്നലെ നടന്ന മോക്ക് ഡ്രില്ലിന് അങ്ങനെ വിരാമം.

ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന മോക്ക് ഡ്രില്ലിനു ശേഷം ഉദ്യോഗസ്ഥരുടെ അവലോകന യോഗവും ഉണ്ടായിരുന്നു. യോഗത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ നിലവിലെ സംവിധാനത്തിന്റെ  മികവും പിഴവുകളും വിലയിരുത്തി.  സിവില്‍സ്റ്റേഷന്‍ പരിസരത്തെ വാഹനപാര്‍ക്കിംഗ് പുനക്രമീകരിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. ആംബുലന്‍സുകള്‍ക്കും ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗത്തിലെ വാഹനങ്ങള്‍ക്കും അടിയന്തിര സാഹചര്യത്തില്‍ സുഗമമായി കടന്നു പോകാനുള്ള വഴിയൊരുക്കാനാണിത്. ജീവനക്കാര്‍ക്ക്  അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം നല്‍കണമെന്നും യോഗം വിലയിരുത്തി.  ഗോവണികളില്‍ പുറത്തേക്കുള്ള വഴിയും ദിശയും കൃത്യമായി  അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.

കലക്ടറേറ്റില്‍ ജീവനക്കാരായും വിവിധ ആവശ്യങ്ങള്‍ക്കായും എത്തുന്ന ഭിന്നശേഷിയുള്ള വ്യക്തികളെ അടിയന്തിര സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്കി ഒഴിപ്പിക്കേണ്ടി വരും. ഇതിനായി ഓരോ ഓഫീസിലും മൂന്നു പേരെ ചുമതലപ്പെടുത്തുകയും ഇവര്‍ക്ക് പരിശീലനം നല്കുകയും വേണം. തീയണയ്ക്കാനുള്ള കൂടുതല്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളും കെട്ടിടത്തില്‍ സ്ഥാപിക്കണം. കെട്ടിടത്തോട് ചേര്‍ന്ന് കിടക്കുന്ന കെഎസ്ഇബി ലെയിന്‍ മാറ്റി സ്ഥാപിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. 

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, ഫയര്‍ അന്റ് റസ്‌ക്യു വിഭാഗം  അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ സിദ്ധകുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ വൈ നിസാമുദ്ദീന്‍, അഡീഷണല്‍ ഡിഎംഒ  എസ് ശ്രീദേവി, ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ നിരീക്ഷകനായി അങ്കമാലി ഫയര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ ടി ബി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി.

date