Skip to main content

കൂടെയുണ്ട് അങ്കണവാടികള്‍

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതി വന്‍ വിജയത്തിലേക്ക്. കൗമാര പ്രായമായ  പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറു വയസുവരെയുള്ള കുഞ്ഞുങ്ങള്‍ എന്നിവരുടെ പോഷകവൈകല്യങ്ങള്‍ പരിഹരിച്ച് ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയതാണ് സമ്പുഷ്ട കേരളം പോഷണദൗത്യം പദ്ധതി.
ഇതിന്റെ ഭാഗമായി ജില്ലയില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. ജില്ലയിലാകെ 2,723 അങ്കണവാടികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അങ്കണവാടിയുടെ പ്രവര്‍ത്തനങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്ന ഭക്ഷണം അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് വേണ്ടി 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പദ്ധതിയും ആരംഭിച്ചു. അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അങ്കണവാടികളിലെ എല്ലാ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും നല്‍കി വരുന്ന പ്രതിദിന ഭക്ഷണ വിതരണം ''ടേക്ക് ഹോം റേഷന്‍'' ആയി അവരവരുടെ വീടുകളില്‍  എത്തിക്കുകയും കുഞ്ഞുങ്ങളുടെ തൂക്കവും വളര്‍ച്ചയും ടീച്ചര്‍മാര്‍ വീടുകളില്‍ ചെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ കുട്ടികള്‍ക്കായി വിവിധ  ഓണ്‍ലൈന്‍ ക്ലാസുകളും  നടത്തിവരുന്നു.
കോവിഡ് മുന്‍കരുതലുകളെപ്പറ്റിയും സുരക്ഷാമാര്‍ഗങ്ങളെപ്പറ്റിയും ശാസ്ത്രീയമായി കൈകഴുകുന്ന രീതിയെപ്പറ്റിയും ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി അങ്കണവാടി ടീച്ചര്‍മാര്‍ നേരിട്ടും ഓണ്‍ലൈനായും നിരവധി കാമ്പയിനുകള്‍ ജില്ലയിലുടനീളം സംഘടിപ്പിച്ചു. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ക്വാറന്റയിനിലും അല്ലാതെയും കഴിയുന്ന വൃദ്ധജനങ്ങളുടെ ക്ഷേമാന്വേഷണത്തിന് അങ്കണവാടി ജീവനക്കാര്‍ ജില്ലയിലെ എല്ലാ വീടുകളിലും ഫോണ്‍ വഴി ബന്ധപെട്ട് വിവരങ്ങള്‍ ശേഖരിച്ചു അവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നുകളും എത്തിച്ചു നല്‍കി. ജില്ലയില്‍ ഏകദേശം മൂന്നര ലക്ഷത്തോളം വരുന്ന വയോധികരുടെ ക്ഷേമമാണ് ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിച്ചത്. കൂടാതെ ജില്ലയിലെ വിവിധ അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും താമസിക്കുന്ന വയോധികരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ലോക് ഡൗണില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി വനിതാ ശിശുവികസന വകുപ്പിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ മുഖേന ടെലി കൗണ്‍സിലിംഗ് സംഘടിപ്പിച്ചു.
'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പദ്ധതി വിജയമായതോടെ അതിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ അങ്കണവാടികളില്‍  സാമൂഹികാധിഷ്ഠിത പരിപാടികള്‍ നടത്തുന്നതിനായി 'കൂടെയുണ്ട് അങ്കണവാടികള്‍' എന്ന പദ്ധതിയുടെ ഉദ്ഘാടനം  മന്ത്രി ശൈലജ നിര്‍വഹിച്ചു. കോവിഡ് കാലത്ത് ഗുണഭോക്താക്കളുടെ ആശങ്കയകറ്റാന്‍ ഓണ്‍ലൈന്‍ കരുതല്‍ നല്‍കുന്നതിന് ആരംഭിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 2,723 അങ്കണവാടികളില്‍ ടീച്ചര്‍മാര്‍ 'ഗര്‍ഭകാലവും കൊറോണയും'  എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴിയും വാട്‌സ്ആപ് വഴിയും തങ്ങളുടെ പരിധിയിലുള്ള ഗര്‍ഭിണികളുമായി ആശയവിനിമയം നടത്തി.
ഗുണഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആവശ്യമായ പിന്തുണ നല്‍കുക,  പരസ്പര ചര്‍ച്ചകളിലൂടെ പങ്കെടുക്കുന്നവരുടെ ആകുലതകള്‍ പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതാദ്യമായാണ് സംസ്ഥാനത്ത് അങ്കണവാടികള്‍ വഴി സാമൂഹികാധിഷ്ഠിത പരിപാടി ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നത്. തികച്ചും ചിട്ടയായ രീതിയിലാണ് അങ്കണവാടികളില്‍ പദ്ധതി നടപ്പിലാക്കിയത്. ഇതിനാവശ്യമായ സാങ്കേതിക പ്രക്രിയകള്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, സി ഡി പി ഒ, സൂപ്പര്‍വൈസര്‍, എന്‍ എന്‍ എം ജീവനക്കാര്‍ മുഖേന അങ്കണവാടി ജീവനക്കാരിലേക്ക് എത്തിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ കാലയളവ് ദീര്‍ഘിപ്പിച്ചതിനാല്‍ അങ്കണവാടികളില്‍ ചേരുവാന്‍ എത്തുന്ന പുതിയ കുട്ടികള്‍ക്കായി  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കാനാണ് പദ്ധതി തീരുമാനം. വരും ദിവസങ്ങളിലും ഇതേപോലെയുള്ള സ്മാര്‍ട്ട് പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
(പി.ആര്‍.കെ നമ്പര്‍ 1554/2020)

 

date