Skip to main content

13 ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം  ഈ വർഷം പൂർത്തിയാകും-മന്ത്രി ഇ.ചന്ദ്രശേഖരൻ

 

    • സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു 
ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയിൽ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ നിലവില്‍ രണ്ടു  ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ കൂടി നിര്‍മിക്കുന്നുണ്ട്. ഇതില്‍ ചെറുതനയിലേത് ഏറെ മുന്നേറിയതായും മന്ത്രി പറഞ്ഞു.  2018ലെയും 19 ലെയും ദുരന്തങ്ങളെ അതിജീവിച്ച നമ്മള്‍ ഇത്തരം  കേന്ദ്രങ്ങളുടെ അനിവാര്യത തിരിച്ചറി‍ഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഈ രീതിയിൽ 13 അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാണ് ഇത്തരം കാര്യങ്ങള്‍ പരിചിതമല്ലാത്തതെന്നും മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം അഭയകേന്ദ്രങ്ങള്‍ നിലവിലുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. വെള്ളപ്പൊക്കമുള്‍പ്പടെയുള്ള ദുരന്തമുഖത്ത് ക്യാമ്പായി നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് സ്കൂളുകളാണ്. ഇത് പഠനത്തിന് തടസ്സമാകുന്നുണ്ട്. അതിനാലാണ് ഇത്തരം താല്‍ക്കാലിക ആവശ്യത്തനുള്ള  അഭയകേന്ദ്രങ്ങല്‍ നിര്‍മിക്കുന്നത്. കേരളത്തിന്‍റെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ അഭയ കേന്ദ്രങ്ങള്‍ ‍ നിര്‍മിക്കുന്നതെന്നും ദുരന്ത സമയത്ത് ഇത് വളരെ ഉപകരിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. എ.എം.ആരിഫ് എം.പി ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡി.പ്രിയേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാ മധു, ജില്ല പഞ്ചായത്ത് അംഗം കെ.ടി.മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.പ്രകാശന്‍, വാര്‍ഡ് മെമ്പര്‍ കെ.കെ.രമണന്‍,  ഡെപ്യൂട്ടി കളക്ടര്‍ ഡി.എം.ആശാ സി.എബ്രഹാം,  പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.ശാരി തുടങ്ങിയവര്‍ സംസാരിച്ചു. 
​ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്‍റെ നിർമ്മാണ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനായിരുന്നു. 2.98 കോടി രൂപയാണ് ചെലവിട്ടത്.  ദുരന്തങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ ദുരന്തബാധിതർക്ക് അഭയം നൽകുക എന്നതാണ് കേന്ദ്രത്തിന്‍റെ പ്രാഥമിക ലക്ഷ്യമെങ്കിലും ദുരന്തം ഇല്ലാത്ത സമയങ്ങളിൽ പ്രസ്തുത കെട്ടിടം അഭയകേന്ദ്രം നടത്തിപ്പ് പരിപാലന കമ്മിറ്റി യുടെ അനുമതിയോടുകൂടി മറ്റു സാമൂഹിക ആവശ്യങ്ങൾക്കായി സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ വാടകയ്ക്കു നൽകുന്ന രീതിയിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. കേന്ദ്രം നില്‍ക്കുന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ കീഴില്‍ ഷെല്‍ട്ടര്‍ മാനേജ് മെന്‍റ് കമ്മറ്റിയും പ്രവര്‍ത്തിക്കും. 
830 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കെട്ടിടത്തിന് താഴെ നിലയിലും മുകളിലെ നിലയിലും ഹാൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകൾ.  ഭിന്നശേഷിക്കാർക്കായുള്ള ശുചി മുറി,  അടുക്കള, സിക്ക് റൂം, സ്റ്റോര്‍, ജനറേറ്റര്‍ റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ  വൈദ്യുതീകരണ ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. 
 

date