Skip to main content

കോടതി പാലം നിർമ്മാണം: പുനരധിവാസ കെട്ടിട സമുച്ചയം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് പണം ലഭ്യമാകും:  മന്ത്രി  തോമസ് ഐസക്ക്

 

ആലപ്പുഴ: ജില്ല കോടതി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട്  ഭൂമിയേറ്റെടുക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനുൾപ്പെടെ കെട്ടിട സമുച്ചയം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കുമെന്ന് ധനകാര്യ,കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ആധുനിക ഷോപ്പിംഗ് മാൾ എന്ന നിലയ്ക്കാകും കെട്ടിട സമുച്ചയം. പാലം നിർമ്മിക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾ,അഭിഭാഷക ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പര്യാപ്‌തമായ വിധം പുനരധിവാസം ഉറപ്പാക്കുമെന്നും ജില്ല കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ മന്ത്രി വ്യക്തമാക്കി. അഡ്വ. എ എം ആരിഫ് എം പി, കളക്ടർ എ. അലക്‌സാണ്ടർ, എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 

നഗരസഭയുടെ ഭൂമിയിലായിരിക്കും കെട്ടിട സമുച്ചയം നിർമ്മിക്കുക. പുനരധിവാസം വേണ്ട കടകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം,വിസ്തൃതി തുടങ്ങിയ കാര്യങ്ങൾ തിട്ടപ്പെടുത്താൻ മന്ത്രി നിർദ്ദേശിച്ചു. പാലത്തോടൊപ്പം പുനരധിവാസ കെട്ടിട സമുച്ചയത്തിന്റെ നിർമാണവും ആരംഭിക്കാൻ തക്കവിധത്തിൽ ഒരുക്കങ്ങൾ വേഗത്തിലാക്കണം. വ്യാപാരികൾ, അഭിഭാഷകർ എന്നിങ്ങനെ പുനരധിവസിപ്പിക്കേണ്ടി വരുന്നവരുടെയും നഗരസഭ അധികൃതരുടെയും യോഗം കളക്ടർ മുൻകയ്യെടുത്ത് വിളിച്ചുചേർക്കണം. പാലത്തിന്റെ നിർമ്മാണചുമതലയുള്ള  കെ ആർ എഫ് ബി (കേരള റോഡ് ഫണ്ട് ബോർഡ്) രൂപരേഖ തയ്യാറാക്കി പ്രോജക്ട് ഉണ്ടാക്കണം. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണം. ഹെറിറ്റേജ് കെട്ടിടമായ എസ് ഡി വി സ്‌കൂൾ, ആർ ഡി ഒ  ഓഫീസ് തുടങ്ങിയവ അതേപടി നിലനിർത്തും. സർക്കാർ ഓഫീസുകൾക്ക് പുനരധിവാസം ഒരുക്കുമ്പോൾ എന്തൊക്കെ സൗകര്യങ്ങൾ വേണമെന്ന് ബന്ധപ്പെട്ടവരോട് ആരാഞ്ഞുകൊണ്ടാകണം. പദ്ധതി സംബന്ധിച്ച വ്യക്തത പൊതുജനങ്ങൾക്കു നൽകാൻ വീഡിയോ തയ്യാറാക്കണമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 

പദ്ധതിക്കാവശ്യമായ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം പൂർത്തിയായതായി പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു. സർവ്വേ നടപടികൾ പുരോഗമിക്കുന്നു. സാങ്കേതികാനുമതിക്ക് ഡി പി ആർ പൂർത്തിയാക്കി. 258 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ല കളക്ടർക്ക് റിക്വിസിഷൻ സമർപ്പിച്ചുട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായാൽ ഉടൻ ടെണ്ടർ ചെയ്യുമെന്നും പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു.
 

date