Skip to main content

ഇരട്ട വീടുകളിലെ ദുരിതനാളുകള്‍ക്ക് അന്ത്യം: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്  കുടുംബങ്ങള്‍ക്ക് ഒറ്റവീട് ഒരുങ്ങുന്നു 

 

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ട വീടുകള്‍ ഒറ്റവീടാകുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ഏഴ് ഇരട്ട വീടുകള്‍കളാണ് ജില്ല പഞ്ചത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ ഒറ്റ വീടുകളാക്കി പുതുക്കി പണിയുന്നത്. 50വര്‍ഷം മുന്‍പ് എം.എന്‍ ലക്ഷം വീട് പദ്ധതിയിലൂടെയാണ് ഇരട്ട വീടുകള്‍ നിര്‍മ്മിച്ചത്. ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി പതിമൂന്ന് കുടുംബങ്ങളാണ് ഇന്നിവിടെ താമസിക്കുന്നത്. കാലപ്പഴക്കവും സ്ഥലപരിമിതിയും അസൗകര്യങ്ങളും നിറഞ്ഞ ഇരട്ട വീടുകളില്‍ അറ്റകുറ്റ പണി പോലും ചെയ്യാനാവാതെ ദുരിതത്തിലായിരുന്നു ഇവര്‍.  

വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 53 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 20 ലക്ഷം രൂപ ജില്ല പഞ്ചായത്തും, അഞ്ചു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ബാക്കി തുക പള്ളിപ്പുറം ഗ്രാമപഞ്ചായത്തുമാണ് ചെലവിടുക. 420 ചതുരശ്ര അടിയില്‍ ലൈഫ് ഭവന പദ്ധതിയുടെ മാതൃകയിലാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്. 
ആദ്യ വീടിന്റെ കല്ലിടല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. രണ്ട് മുറി, അടുക്കള, ഹാള്‍, ശുചിമുറി, എന്നിവയ്ക്ക് പുറമേ വൈദ്യുതി, ശുദ്ധജല ലഭ്യത, എന്നിവകൂടി ഉറപ്പാക്കി ആറുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍പേഴ്‌സണ്‍ സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോള്‍ സുരേന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ മഞ്ജു സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ ഷില്‍ജ സലിം, പ്രസീത വിനോദ്, പഞ്ചായത്ത് സെക്രട്ടറി ഗീത കുമാരി എന്നിവര്‍ പങ്കെടുത്തു.
 

date