അഞ്ചല്‍ വനം റെയിഞ്ച് ഓഫീസിന് ഐ.എസ്.ഒ. അംഗീകാരം
ദക്ഷിണമേഖലയില്‍ പുനലൂര്‍ ഡിവിഷന് കീഴിലുള്ള അഞ്ചല്‍ വനം റെയിഞ്ച് ഓഫീസിന് ഭരണമികവിനുള്ള ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ പുരസ്‌കാരം ലഭിച്ചു. സംസ്ഥാന വനം വകുപ്പിന് കീഴില്‍ ആദ്യമായാണ് ഒരു വനം ഓഫീസിന് ഇത്തരത്തില്‍ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്. 2021 ജനുവരി 17 വരെയാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്.
വനം-വന്യജീവി സംരക്ഷണം, ആദിവാസി ക്ഷേമം, മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം, ദ്രുതകര്‍മ്മസേനയുടെ മികച്ച പ്രകടനം, എസ്.എം.എസ്. അലര്‍ട്ട് യഥാസമയം നല്‍കുന്നതിലെ ജാഗ്രത എന്നിവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്.
കൃഷിനാശം, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളില്‍ യഥാസമയം നഷ്ടപരിഹാരം നല്‍കുക, എസ്.എം.എസ്. അലര്‍ട്ട് യഥാസമയം ജനങ്ങള്‍ക്ക് കൈമാറുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നിവയിലെ മികച്ച പ്രകടനം അഞ്ചല്‍ വനം റെയ്ഞ്ചിന് ഏറെ പ്രശംസ നേടികൊടുത്തിട്ടുണ്ട്. റെയിഞ്ച് ഓഫീസിലും ഇതിനു കീഴിലുള്ള വിവിധ സെക്ഷനുകളിലുമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനവും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍. ജയന്‍, പുനലൂര്‍ ഡി.എഫ്.ഒ. ഐ.സിദ്ധിക്, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, എന്നിവരുടെ മികച്ച ഏകോപനവുമാണ് അഞ്ചല്‍ റെയിഞ്ചിന് ഐ.എസ്.ഒ.അംഗീകാരം നേടുവാന്‍ സഹായകരമായത്.
- Log in to post comments