നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ തടയാനാവില്ല; സമൂഹത്തിന്റെ മനോഭാവം മാറണം- ജസ്റ്റിസ് കെ.റ്റി. തോമസ്
നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്ന്് ജസ്റ്റിസ് കെ.റ്റി. തോമസ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പും കോട്ടയം പ്രസ്‌ക്ലബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള നിയമങ്ങള്‍ സംബന്ധിച്ച് അവബോധം ഉണ്ടായാല്‍ മാത്രം പോര. ലൈംഗികമായ കുറ്റകൃത്യങ്ങള്‍ 95 ശതമാനവും പുരുഷന്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്നതാണ്. ഇതിനെ ശാസ്ത്രീയമായി നേരിടണം. അതിനുളള പരിശീലനം സമൂഹത്തിന് നല്കണം. ഹോര്‍മോണുകളുടെ ത്വരയെ നിയന്ത്രിക്കുവാനുളള പരിശീലനം ചെറുപ്പംമുതല്‍ കുട്ടികള്‍ക്ക് നല്‍കണം.
വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ട്. അവിടെ നിര്‍ദ്ദോഷികള്‍ ഇരകളായി തീരുന്നു. ഓരോ കുറ്റകൃത്യവും തടയാന്‍ നിയമങ്ങളുണ്ടായിട്ടുലം കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല എന്നത് നമ്മുടെ നിയമചരിത്രം നോക്കിയാല്‍ മനസ്സിലാകും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഒഴികെയുളള പല കുറ്റകൃത്യങ്ങള്‍ക്കും അജ്ഞത കാരണമാകുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യുവാനുളള മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ പരിശിലനമാണ് ന്ല്‍കേണ്ടത്. നിലവിലെ നിയമം പലതും അപര്യാപ്തമായതിനാലാണ് പോക്‌സോ നിയമം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പോക്‌സോ നിയമം ഒരു അവകാശസംരക്ഷണ നിയമമാണെനും അതില്‍ വിട്ടുവിഴ്ചകളൊന്നും നടക്കില്ലെന്നും അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ റ്റി.വി. സുഭാഷ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണം. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് ആമുഖ പ്രഭാഷണം നടത്തി. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, മാധ്യമ പ്രവര്‍ത്തകരായ ചെറുകര സണ്ണി ലൂക്കോസ്, ഷാലു മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി സനല്‍കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ബാലാവകാശ കമ്മീഷന്‍. ശിശുക്ഷേമ സമിതി എന്നിവയുെട സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
- Log in to post comments