Skip to main content

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കിനി സുരക്ഷിത യാത്ര 211 സൈക്കിളുകള്‍ കൂടി  സൗജന്യമായി നല്‍കി

വിദ്യാഭ്യാസ പുരോഗതിക്കൊപ്പം ചെലവ് കുറഞ്ഞ സുരക്ഷിത യാത്രയൊരുക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 211 പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിളുകള്‍ സമ്മാനിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതി പ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 500  വിദ്യാര്‍ഥിനികള്‍ക്കും  സൈക്കിളുകള്‍ സൗജന്യമായി നല്‍കിയതിന് പുറമെയാണ് 211 സൈക്കിളുകള്‍ കൂടി അനുവദിച്ചത്. പൊന്നാനി പാലപ്പെട്ടി മുതല്‍ കടലുണ്ടി മത്സ്യ ഗ്രാമം വരെയുള്ള മേഖലയിലെ സ്‌കൂളുകളില്‍  ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്  പദ്ധതി പ്രകാരം സൗജന്യമായി സൈക്കിളുകള്‍  സമ്മാനിച്ചു. 
പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 2,000 സൈക്കിളുകള്‍ വിതരണം ചെയ്യുന്നതിനായി അനുവദിച്ച 90 ലക്ഷം രൂപയില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് ജില്ലയിലെ വിദ്യാര്‍ഥിനികള്‍ക്കും സൈക്കിളുകള്‍ നല്‍കിയത്. പെണ്‍കുട്ടികളില്‍ സുരക്ഷിത ബോധത്തോടൊപ്പം സ്വാശ്രയത്വവും ആത്മവിശ്വാസവും  വളര്‍ത്താനും റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വിദ്യാര്‍ഥിനികള്‍ക്ക് കൃത്യ സമയത്ത് സ്‌കൂളുകളില്‍ എത്തിച്ചേരാനും ആരോഗ്യപരമായ ദിനചര്യകള്‍ വികസിപ്പിക്കാനും സൈക്കിള്‍ ഉപയോഗത്തിലൂടെ സാധിക്കും. 
താനൂര്‍ ഉണ്യാലിലെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തീരദേശ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ട പദ്ധതികളില്‍ ഒട്ടുമിക്കവയും നടപ്പാക്കി കഴിഞ്ഞുവെന്നും എം.എല്‍.എ പറഞ്ഞു. 
ചടങ്ങില്‍ നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ് അധ്യക്ഷയായി. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയനല്‍ മാനേജര്‍ അബ്ദുള്‍ മജീദ് പോത്തന്നൂരാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
നിറമരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി സൈതലവി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുബൈദ ഷാലിമാര്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അപര്‍ണ്ണ തമ്പി, പൊന്നാനി ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഒ അംജത്, ഉണ്യാലിലെ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍ എന്നിവര്‍ സംസാരിച്ചു.  
(എം.പി.എം 2365/2020)
 

date