Skip to main content

ഗ്രീന്‍ റോയല്‍റ്റി പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്ന പൊന്നാനി നഗരസഭയുടെ  ഗ്രീന്‍ റോയല്‍റ്റി പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്. 2020-21 ഗ്രീന്‍ റോയല്‍റ്റി പുരസ്‌കാരത്തിനുള്ള അപേക്ഷ നഗരസഭയില്‍ സ്വീകരിച്ചു തുടങ്ങി. നെല്‍പ്പാടങ്ങളും, കുളങ്ങളും, കാവുകളും കണ്ടല്‍ക്കാടുകളും  സംരക്ഷിക്കുന്നവര്‍ക്ക്  നഗരസഭ  റോയല്‍റ്റി നല്‍കുന്ന പദ്ധതിയാണ് ഗ്രീന്‍ റോയല്‍റ്റി. കൃഷിയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിന്റെ മൂല്യം സംരക്ഷിക്കുകയാണ് നഗരസഭ ഗ്രീന്‍ റോയല്‍റ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം നിശ്ചിത റോയല്‍റ്റി തുക നല്‍കി നെല്‍വയലുകള്‍ സംരക്ഷിക്കും. സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെട്ട കാവുകളും കുളങ്ങളും സംരക്ഷിക്കുന്നവര്‍ക്കും പ്രതിഫലം നല്‍കും.  2018 - 19 വര്‍ഷത്തില്‍ 100 പേര്‍ക്കാണ് ഗ്രീന്‍ റോയല്‍റ്റി നല്‍കിയത്. 2019- 20 വര്‍ഷത്തില്‍ 111 പേര്‍ക്കും റോയല്‍റ്റി നല്‍കിയിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍, അഗ്രികള്‍ച്ചര്‍ ഓഫീസര്‍, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എട്ടംഗ സമിതിയാണ് ഗ്രീന്‍ റോയല്‍റ്റി അവാര്‍ഡിന് അര്‍ഹമായവരെ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി കണ്ടെത്തുന്നത്. സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും ഈ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ അപേക്ഷ ജൂണ്‍ അവസാനം വരെ സ്വീകരിക്കും.
(എം.പി.എം 2367/2020)
 

date