Skip to main content
മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുമായി സംസാരിക്കുന്നു.

മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ  കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും

 

മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 25.5 ലക്ഷം രൂപ മുടക്കി ആശുപത്രി നവീകരിക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടില്‍ നിന്നും 15.5 ലക്ഷം രൂപയും, എംഎല്‍എ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിക്കുന്നത്.

       ആശുപത്രിയില്‍ പുതിയതായി ലാബ് സജീകരിക്കും. വയോജന സൗഹൃദമായ റാമ്പ്, വിശ്രമസ്ഥലം തുടങ്ങിയവ നിര്‍മിക്കും. മരുന്നു വിതരണത്തിന് പുതിയ സ്ഥലം ക്രമീകരിക്കും. പ്രതിരോധ കുത്തിവയ്പ്പിന് പ്രത്യേക മുറിയും, ഒപി മുറികളുടെ നവീകരണവും നടപ്പാക്കുമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. നവീകരണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി.

       പിഎച്ച്സിയില്‍ സ്റ്റാഫ് നഴ്സ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അധികൃതര്‍ യോഗത്തെ അറിയിച്ചു.  സ്റ്റാഫ് നഴ്സിനെ നിയമിക്കണമെന്ന് എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. മൈലപ്ര പിഎച്ച്സി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്റ്റാറ്റിക്ക് വര്‍ക്ക്ഷോപ്പ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിനായി ഡിഎംഒ മറ്റൊരു സ്ഥലം കണ്ടെത്തണം.  ഇപ്പോള്‍ രണ്ടു ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് കൂടുതല്‍ ഡോക്ടര്‍മാരുടെയും, സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നിഷ്യന്‍, അഡീഷണല്‍ ഫാര്‍മസിസ്റ്റ് ഉള്‍പ്പടെയുള്ളവരുടെയും, ഇതര ജീവനക്കാരുടെയും പുതിയ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും എംഎല്‍എ അറിയിച്ചു. 

          പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, എന്‍എച്ച്എം ജില്ലാ കോ- ഓഡിനേറ്റര്‍ ഡോ. എബി സുഷന്‍,  ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, എന്‍എച്ച്എം എന്‍ജിനീയര്‍ ടോം തോമസ്, കെ ആര്‍ ഭാര്‍ഗവന്‍, ജോണ്‍, കെ. പി. രവി,  ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് അന്‍സ്പെക്ടര്‍, എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

date