Skip to main content

കേരള ലളിതകലാ അക്കാദമിയുടെ പുതിയ  ആര്‍ട്ട് ഗ്യാലറി കോട്ടയത്ത് ഒരുങ്ങുന്നു

 

അക്ഷര നഗരിയായ കോട്ടയത്ത് കേരള ലളിതകലാ അക്കാദമിയുടെ നൂതന സംവിധാനങ്ങളോടുകൂടിയ ആര്‍ട്ട് ഗ്യാലറി ഒരുങ്ങുന്നു. നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഡി.സി കിഴക്കെമുറിയിടം കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ട്ട് ഗ്യലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ശ്രദ്ധേയ ഗ്യാലറികളിലൊന്നായ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിന്റെ മാതൃകയില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കത്തക്ക രീതിയിലാണ് ഗ്യാലറി സജ്ജീകരിക്കുന്നത്. 

കാഴ്ചയുടെ അവശ്യഘടകമായ ആര്‍ട്ട് ഗ്യാലറികള്‍ ഉയര്‍ന്ന നിലവാരത്തോടെ സ്ഥാപിക്കാന്‍ സാധിക്കുന്നതിലൂടെ ദൃശ്യകലാ സംസ്‌കാരത്തെ പരിപോഷിപ്പിക്കുവാന്‍ കഴിയും എന്ന ഉത്തമ ബോധ്യമാണ് അക്കാദമിക്കുള്ളത്. സമീപകാലത്ത് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പുതുതായി നിര്‍മ്മിച്ച ആര്‍ട്ട് ഗ്യാലറി, കണ്ണൂര്‍ മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ആര്‍ട്ട് ഗ്യാലറി, നൂതന സൗകര്യങ്ങളോടെ നവീകരിച്ച കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറി എന്നിവ ഈ ലക്ഷ്യത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചതാണ്. 

കോട്ടയത്ത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കത്തക്ക വിധം ഗ്യാലറി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പതിവു പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ധാരാളം ക്യൂറേറ്റഡ് പ്രദര്‍ശനങ്ങളും അക്കാദമി വിഭാവനം ചെയ്യുന്നു.  ജൂലൈ പകുതിയോടെ ഗ്യാലറി പ്രദര്‍ശന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഡി സി രവിയുടെ നിസ്വാര്‍ത്ഥ സഹകരണത്തോടെ സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്ന് ചെയര്‍മാന്‍ നേമം പുഷ്പരാജും സെക്രട്ടറി പി.വി ബാലനും അറിയിച്ചു. 

 

date