Skip to main content

കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷുറന്‍സ് പദ്ധതി;  27 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ 

 

കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. അതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജൂലൈ 1(ബുധന്‍) സംസ്ഥാന വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 15 വരെ കൃഷിഭവന്‍ തലത്തില്‍ കാമ്പയിന്‍ നടത്തും. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 27 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

  മേഖലയിലെ പ്രധാന വിളകളായ തെങ്ങ,് വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി, കുരുമുളക്, റബര്‍, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങുവര്‍ഗവിളകള്‍, വെറ്റില, ജാതി, കമുക്, കൈതച്ചക്ക, കരിമ്പ്, പയറുവര്‍ഗവിളകള്‍, മാവ്, ഏലം, കശുമാവ്, കാപ്പി, തേയില, കൊക്കോ, നിലക്കടല, എളള്, ഗ്രാമ്പു, പുകയില, ചെറുധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കുറഞ്ഞ പ്രീമിയം തുകയില്‍ പ്രകൃതി ക്ഷോഭങ്ങളായ വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍ എന്നിവ മൂലമോ, കാട്ടുതി, വന്യമൃഗങ്ങളുടെ ആക്രമണം  മൂലമോ വിള നശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മുന്തിയ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 

അതതു പഞ്ചായത്ത്, മുനിസിപ്പല്‍ കൃഷിഭവനുകള്‍ വഴിയാണ് ഇന്‍ഷുറന്‍സ് ചെയ്യേണ്ടത്. ഓരോ പഞ്ചായത്തില്‍ നിന്നും 100% കര്‍ഷകരേയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. എല്ലാ കര്‍ഷകരും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കൃഷി വകുപ്പ് അറിയിച്ചു. 

പദ്ധതിയില്‍ അംഗമായി പോളിസി ലഭിക്കുന്നതിന് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നീ സംവിധാനങ്ങള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി www.aims.kerala.gov.in/cropinsurance എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.

 

date