ആദിവാസി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ളവരെ അധ്യാപകരായി നിയമിക്കും: മന്ത്രി എ.കെ ബാലന്‍
ആദിവാസി വിഭാഗത്തില്‍പ്പെട്ട ടി.ടി.സി,. ബി.എഡ്, ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ആദിവാസി യുവതീ-യുവാക്കളെ കണ്ടെത്തി ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഗോത്രഭാഷാ പഠന സഹായ അദ്ധ്യാപകരായി നിയമിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാസമ്പന്നരായ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുക.ആദിവാസി കുട്ടികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുക. വയനാട് ജില്ലയിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കിയത്. 241 പേരെ ഇതിനകം നിയമിച്ചുകഴിഞ്ഞു. പദ്ധതി വിജയമെന്ന് കണ്ടതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ 26 സ്‌കൂളുകളില്‍ കൂടി ഈ പദ്ധതി നടപ്പാക്കുകയാണ്. മറ്റ് പ്രദേശങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ നൂറോളം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കി കഴക്കൂട്ടം സൈനിക സ്‌കൂള്‍, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് സന്നദ്ധസംഘടനയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോവീട്ടിലും മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സാമൂഹ്യ പഠനമുറികള്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കും. ട്യൂഷന്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍, ടിവി, ഫര്‍ണിച്ചര്‍ തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തിലുണ്ടാകും. ഇതൊരു സഹായകേന്ദ്രം കൂടിയായിരിക്കും. ബിരുദം, ബിഎഡ്, ടിടിസി യോഗ്യതകളുള്ളവര്‍ക്കായിരിക്കും കേന്ദ്രത്തിന്റെ ചുമതല. ഓണ്‍ലൈന്‍ സേവനങ്ങളും വിവര സഹായങ്ങളും ഇവിടെ ലഭിക്കും. പഠിതാക്കള്‍ക്കും കുടുംബത്തിനും തൊഴില്‍ അന്വേഷകര്‍ക്കും സഹായകമാകും ഈ കേന്ദ്രം. പട്ടികജാതിക്കാര്‍ക്ക് ഒരു വീട്ടില്‍ ഒരു പഠനമുറി എന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. എല്ലാ സൗകര്യങ്ങളോടെയും കൂടിയ 25,000 പഠനമുറികളാണ് സംസ്ഥാനത്താകെ നിര്‍മ്മിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്.
19,000 ത്തോളം തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കും. വയനാട് ജില്ലയില്‍ മെന്റര്‍ ടീച്ചര്‍മാരായി 241 പേരെ നിയമിച്ചുകഴിഞ്ഞു. പോലീസില്‍ നൂറ് പേരെയും എക്‌സൈസില്‍ നൂറ് പേരെയും സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് വഴി നിയമിക്കാനുള്ള ടെസ്റ്റും ഇന്റര്‍വ്യൂവും നടുന്നുവരികയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം ആ മേഖലകളില്‍ പ്രശസ്തമായ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയും നടപ്പാക്കുന്നുണ്ട്. പ്രവേശനം നേടുമ്പോള്‍ തന്നെ പ്ലേസ്‌മെന്റും നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
- Log in to post comments