Skip to main content

പെരിന്തല്‍മണ്ണ അതിവേഗ കോടതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പോക്സോ കേസുകളുടേയും ലൈംഗിക പീഡന കേസുകളുടെയും അതിവേഗ വിചാരണയ്ക്കായുള്ള ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി പെരിന്തല്‍മണ്ണ യില്‍  മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ്.മണികുമാറും സംയുക്തമായി വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 17 അതിവേഗ സ്പെഷ്യല്‍ കോടതികളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചത്. 
കോടതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ ഒന്നിന്) ജില്ലാ ജഡ്ജ് ടി.ജോണ്‍ നിര്‍വഹിക്കും.  ജില്ലാതല ഉദ്ഘാടനത്തോടെ കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ കെ.പി. അനില്‍കുമാര്‍ ചുമതലയേല്‍ക്കും. പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, വണ്ടൂര്‍, മേലാറ്റൂര്‍, മങ്കട, കൊളത്തൂര്‍ തുടങ്ങി ആറു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കേസുകളാണ് പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതിയില്‍ തീര്‍പ്പാക്കുക. പെരിന്തല്‍മണ്ണ കൂടാതെ മഞ്ചേരി, തിരൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
പോക്‌സോ കേസുകളും  ബലാത്സംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 പ്രത്യേക കോടതികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതില്‍ 17 കോടതികളാണ് ഇപ്പോള്‍ തുടങ്ങുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് 60:40 ശതമാനം അനുപാതത്തില്‍ ഉപയോഗിച്ചാണ് കോടതികള്‍ സ്ഥാപിക്കുന്നത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഈയിടെ കേരള പൊലീസിന്റെ 117 ടീമുകള്‍ പങ്കെടുത്ത റെയ്ഡില്‍ ഒരു ഡോക്ടറുള്‍പ്പെടെ 89 പേരാണ് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തം വീടുകളില്‍ പോലും കുഞ്ഞുങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടിവരുന്നു എന്ന വസ്തുതയാണ് ഈ അന്വേഷണത്തില്‍ വ്യക്തമായത്. അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.  അതിനായി ഇന്റര്‍പോളിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന്  മുഖ്യമന്ത്രി പറഞ്ഞു. 
വീഡിയോ കോണ്‍ഫറന്‍സിലൂടെ നിയമ മന്ത്രി എ.കെ. ബാലന്‍, സാമൂഹ്യനീതി-ശിശു വികസന മന്ത്രി കെ.കെ. ശൈലജ, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി അരവിന്ദ് ബാബു, ആഭ്യന്ത അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവരും പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.നൗഷാദലി, ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷെറിന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബദുള്‍ റഷീദ് ഊത്തക്കാടന്‍, സെക്രട്ടറി കെ.സുനീഷ്, അഭിഭാഷകര്‍, ക്ലാര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരും  പങ്കെടുത്തു.
 

date