Skip to main content

വിജയം 98.65 ശതമാനം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് വീണ്ടും ചരിത്ര നേട്ടം ഇത്തവണയും ഫുള്‍ എപ്ലസുള്ളവര്‍ കൂടുതല്‍ മലപ്പുറത്ത്

  എസ്.എസ്.എല്‍.സി പരീക്ഷയില്‍ 98.65 ശതമാനം വിജയവുമായി മലപ്പുറം ജില്ലയ്ക്ക് വീണ്ടും ചരിത്ര നേട്ടം. 77,685 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 76,633 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. 6,447 വിദ്യാര്‍ഥികള്‍  മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കി ജില്ലയുടെ ഖ്യാതി ഉയര്‍ത്തി.  സംസ്ഥാനത്ത്  ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍  ഫുള്‍ എപ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 5,970 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. 2018-19 അധ്യയന വര്‍ഷത്തില്‍ 97.86 ശതമാനമായിരുന്നു ജില്ലയിലെ എസ്.എസ്.എല്‍.സി പരീക്ഷ വിജയം. ഇത്തവണ 0.79 ശതമാനം അധിക വിജയമാണ് കൈവരിക്കാനായത്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തവണ 27,303 വിദ്യാര്‍ത്ഥികള്‍ പത്താം തരം പരീക്ഷ എഴുതിയപ്പോള്‍ 26,832 പേര്‍ക്കായിരുന്നു വിജയം. ഈ വിഭാഗത്തില്‍ 1706 പേര്‍ ഫുള്‍ എ പ്ലസ് നേടി. 98.27 ശതമാനമാണ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിജയ ശതമാനം. 
    എയ്ഡഡ് മേഖലയില്‍ 98.69 ശതമാനമാണ് വിജയം. 44,477 പേര്‍ പരീക്ഷ എഴുതിയതില്‍ 42,910 വിദ്യാര്‍ഥികളും തുടര്‍ പഠന സാധ്യത ഉറപ്പാക്കി. ഇവരില്‍ 3,640 പേര്‍ ഫുള്‍ എ പ്ലസ് നേടി. അണ്‍ എയ്ഡഡ് മേഖലയില്‍ 99.8 ശതമാനമാണ് വിജയം. 6,905 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 6,891 പേര്‍ വിജയിച്ചു. 1,101 വിദ്യാര്‍ഥികള്‍ക്കാണ് ഈ വിഭാഗത്തില്‍ ഫുള്‍ എ പ്ലസ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ 223 വിദ്യാര്‍ഥികള്‍ക്കാണ് ഫുള്‍ എ പ്ലസ്. 24 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇത്തവണ നൂറു ശതമാനം വിജയമുണ്ട്. ഒന്‍പത് എയ്ഡഡ് സ്‌കൂളുകളും 107 അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടിയെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം അറിയിച്ചു. 
   സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മലപ്പുറം ജില്ല പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവിലും വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ പിന്തുണയിലുമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലന പരിപാടികള്‍, പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൈപ്പുസ്തകങ്ങള്‍, മുഴുവന്‍ സ്‌കൂളുകളിലും എപ്ലസ് ക്ലബുകള്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പഠന ക്യാമ്പുകള്‍, പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ശാക്തീകരണം തുടങ്ങിയവയിലൂടെയാണ് ജില്ല വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം തുടരുന്നത്. 
 

date