Skip to main content

തേഞ്ഞിപ്പലം ആലുംകടവ് റഗുലേറ്റര്‍ പദ്ധതി:  മണ്ണ് പരിശോധന ആരംഭിച്ചു

 കടലുണ്ടിപ്പുഴയില്‍ വള്ളിക്കുന്ന്- തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടക്കാട്ടുപാറ ആലുംകടവില്‍  റഗുലേറ്റര്‍ നിര്‍മാണത്തിനായി  കരയിലും പുഴയിലുമായി പത്തിലേറെ സ്ഥലങ്ങളില്‍ മണ്ണിന്റെ ഘടനയും കരിമ്പാറയുടെ  സാന്നിധ്യവുമാണ്  പരിശോധിക്കുന്നത്. കടക്കാട്ടുപാറ ആലുംകടവ് കരഭാഗത്താണ് നിലവില്‍ പരിശോധന തുടരുന്നത്. ഇതിന് ശേഷം  പുഴയിലും വള്ളിക്കുന്ന് ഭാഗത്തെ കരയിലും പരിശോധന നടത്തും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദേശത്ത് മണ്ണ് പരിശോധന ആരംഭിച്ചത്. വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജലസേചനം, തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം എന്നീ പദ്ധതികളാണ് ആലുംകടവ് റഗുലേറ്റര്‍ നിര്‍മാണത്തിലൂടെ   ലക്ഷ്യമിടുന്നതെന്ന് പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. 
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ  ആലുംകടവ് റഗുലേറ്റര്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ  കര്‍ഷകരുടെയും തീരദേശ വാസികളുടെയും  ഏറെ നാളത്തെ ആവശ്യമാണ് നിറവേറുന്നത്. നാവിഗേഷന്‍ റൂട്ടായതിനാല്‍ അതിനുള്ള സംവിധാനം കൂടി പരിഗണിച്ചാകും റഗുലേറ്റര്‍ നിര്‍മാണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ നിന്ന്  ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതും തീരദേശ വാസികളെ ദുരിതത്തിലാക്കിയിരുന്നു. റഗുലേറ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  
  ഇരുമ്പോത്തിങ്ങല്‍ കടവില്‍  കടലുണ്ടി പുഴയില്‍ റഗുലേറ്റര്‍ പദ്ധതി നടപ്പാക്കാന്‍ 36 കോടി രൂപ 2017ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തത്വത്തില്‍ ഭരണാനുമതി നല്‍കിയിരുന്നു. മണ്ണ് പരിശോധനക്കുള്ള ഡി.പി.ആര്‍ തയ്യാറാക്കി ഭരണാനുമതിയും ടെന്‍ഡര്‍ നടപടിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ  പൂര്‍ത്തീകരിച്ചതാണ്. 
തുടര്‍ന്നാണ്  കഴിഞ്ഞ ദിവസം മുതല്‍ മണ്ണ് പരിശോധന തുടങ്ങിയത്.   മണ്ണ് പരിശോധന കഴിഞ്ഞ്  റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ   ഐ.ഡി.ആര്‍.ബി (ഡിസൈന്‍ വിംഗ്) റഗുലേറ്ററിന്റെ ഡിസൈന്‍ നടപടികളിലേക്ക് പ്രവേശിക്കും. ജലസേചന വകുപ്പ്  അധികൃതര്‍ പ്രൊജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാറിന്   സമര്‍പ്പിക്കും. 
 

date