Skip to main content

വന മഹോത്സവം : മണിയൻ കിണർ കോളനിയിൽ 13.25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ

വനമഹോത്സവത്തിന്റെ ഭാഗമായി 13.25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുമായി മണികിണർ ആദിവാസി കോളനി വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുകയാണെന്ന് ഗവ ചീഫ് വിപ്പ് കെ രാജൻ അറിയിച്ചു. പീച്ചി വന മഹോൽസവം 2020 ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ കിറ്റ് വിതരണത്തിനായി 50,000 രൂപ, എൽപിജി വിതരണത്തിനായി 80500 രൂപ, പി എസ് സി പരിശീലന സഹായ പദ്ധതിക്കായി 10,000 രൂപ, മണിയൻ കിണർ കോളനിക്ക് ചുറ്റും സൗരോർജ്ജ വേലി കെട്ടാൻ 5,30,000 രൂപ, സോളാർ സ്ട്രീറ്റ് ലൈറ്റ് 2,50,000 രൂപ, പോത്തുചാടി- മണിയൻ കിണർ റോഡിനായി 4,00,000 എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
വനമഹോത്സവത്തിന്റെ ഭാഗമായി പീച്ചി വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ 7650 ഫലവൃക്ഷതൈകളാണ് നാട്ടുപിടിപ്പിക്കുന്നത്. ഇതിൽ 2000 എണ്ണം മണിയൻ കിണറിലാണ് വെച്ചുപിടിപ്പിക്കുക. ആദിവാസി മേഖലയിൽ കൂടുതലായി 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. ജനവാസ മേഖലകളോട് ചേർന്നുള്ള വനമേഖലയിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നത് വഴി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. പരിസ്ഥിതി പുനരുദ്ധാരണവും ഉറപ്പാക്കും. വന മഹോൽസവത്തിന്റെ ഭാഗമായി ഒളകര ആദിവാസി കോളനിയിലെ 23 ആദിവാസി കുടുംബങ്ങൾക്കുള്ള എൽപിജി വിതരണവും ഇതോടൊപ്പം നടത്തുന്നതാണ്. കോവിഡ് 19പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും മഴക്കാല പൂർവരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 165 കുടുംബങ്ങൾക്ക് പ്രതിരോധ ഔഷധ കിറ്റ് ഇതിന്റെ ഭാഗമായി തയ്യാറാക്കും. ആദിവാസി കോളനിയിലെ യുവതീയുവാക്കൾക്കായി പി എസ് സി പരീക്ഷാ തയ്യാറെടുപ്പിന് വിദ്യാരണ്യം പദ്ധതി ആരംഭിക്കും. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ സൗരോർജ്ജ വിളക്കുകൾ, സൗരോർജ്ജ വേലി സ്ഥാപിക്കും. കൂടാതെ പോത്തുചാടി -മണിയൻ കിണർ 4ലക്ഷം രൂപയ്ക്ക് നിർമ്മിക്കുന്ന റോഡിന്റെ പ്രവർത്തനവും ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ, ഊരു മൂപ്പൻ കുട്ടൻ, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

date