Skip to main content

വട്ടപ്പാറയിലെ അപകട പരമ്പര ; പരിഹാരം ദേശീയ പാത മാത്രം. -ജില്ലാകലക്ടര്‍

വട്ടപ്പാറയിലെ തുടര്‍ച്ചയായി നടക്കുന്ന അപകട പരമ്പരകള്‍ക്ക് ശ്വശത പരിഹാരം ദേശീയ പാതയുടെ നിര്‍മ്മാണം മാത്രമാണന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴുള്ള പരിഷ്‌കാരങ്ങള്‍ മേഖലയില്‍ അപകടത്തിന് അറുതി വരുത്തിയതായി കാണുന്നില്ല. നിലവില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ചു പ്രദേശത്ത് ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തിയെ പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്ത നിവാരണ വിഭാഗം ഡപ്യുട്ടി കലക്ടറെ ജില്ലാ കലക്ടര്‍ ചുമതലപെടുത്തി.
പുതിയ ഡ്രൈവര്‍മാരാണ് മേഖലയില്‍ കൂടുതല്‍ അപകട മുണ്ടാക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് ദേശിയ പാതാ വിഭാഗം എക്‌സിക്യൂട്ടിവ എഞ്ചിനിയര്‍ സി.കെ.മുഹമ്മദ് ഇസ്മായില്‍ അറിയിച്ചു. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായ രണ്ടു വളവുകളെ നേരിടാന്‍ കഴിയാതെ പോകുന്നു. ഇതിനു പുറമെ ദ്രാവകം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് വളവില്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും അപകടത്തിനു കാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അപകടം ഇത്തരം കാരണം കൊണ്ടല്ല. നിലവില്‍ ദേശീയ പാതയുടെ പദ്ധതി നിലനില്‍ക്കുന്നതില്‍ വട്ടപ്പാറ വളവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  
മേഖലയില്‍ അപകടം കുറക്കുന്നതിന്  പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനത്തിനു പോലീസിന് പുറമെ സന്നദ്ധ പ്രവര്‍ത്തകരെ പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കും. പ്രദേശത്ത് എല്ലാ ഭാഷയുലുമുള്ള അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രദേശത്ത് ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കും.

 

date