Skip to main content

1000 കോടി രൂപയുടെ വികസനസംരംഭങ്ങള്‍ തിരുവല്ല മണ്ഡലത്തില്‍  നടപ്പാക്കാന്‍ കഴിഞ്ഞു: മാത്യു.ടി തോമസ് എംഎല്‍എ 

 

നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യത്തിലും വികസനത്തിന് മുടക്കം വരുന്ന രീതിയില്‍ ഒരു പദ്ധതി പോലും ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെന്ന് മാത്യു.ടി തോമസ് എംഎല്‍എ പറഞ്ഞു. ഉപദേശിക്കടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പദ്ധതികളും നടത്തിവരുന്നു. 2016 സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 500 കോടിയുടെ വികസന പദ്ധതികള്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ 500 കോടിയുടെ വികസന സംരംഭങ്ങള്‍ ആംരംഭിച്ചപ്പോള്‍ ലക്ഷ്യം 1000 കോടി രൂപയായി വര്‍ധിച്ചു. ഇന്ന് 1000 കോടി രൂപയുടെ വികസനസംരംഭങ്ങള്‍ എല്ലാ വകുപ്പുകളിലുമായി മണ്ഡലത്തില്‍ നടപ്പാക്കാന്‍ സാധിച്ചു. ഓഖി, പ്രളയം, കൊറോണ തുടങ്ങിയവ സൃഷ്ടിച്ച നിരവധി പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാനം കടന്നുപോയത്. ഈ സാഹചര്യത്തില്‍ വികസന പദ്ധതികള്‍ ഉപക്ഷിക്കേണ്ടി വരുമോ എന്ന് സംശയിച്ചിരുന്നെങ്കിലും ഒരു വികസന പദ്ധതി പോലും ഉപേക്ഷിച്ചില്ല. 

23 കോടി രൂപയുടെ കരാര്‍ ഉറപ്പിച്ച് പണി ഉടന്‍ ആരംഭിക്കുന്ന രീതിയിലാണ് ഉപദേശിക്കടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുന്നത്. ഭരണാനുമതി, സാങ്കേതിക അനുമതി ലഭിച്ച് ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഒപ്പിട്ട ശേഷമാണ് ഇന്ന് നിര്‍മ്മാണ ഉദ്ഘാടനം നടത്തുന്നതെന്ന് എം.എല്‍.എ പറഞ്ഞു. അതോടൊപ്പം നാടിന്റെ മറ്റൊരു ആവശ്യമായ നടക്കാവില്‍ - തെക്കേപുഞ്ച - പരുമലപടി റോഡിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായും മാത്യു.ടി തോമസ് എംഎല്‍എ പറഞ്ഞു.

 

date