Skip to main content

കോവിഡിന്റെ വലയിലായില്ല , ടൈറ്റസ് തിരിച്ചു വന്നു

കോവിഡ് വലയില്‍ പ്പെട്ട് മരണത്തെ മുഖാമുഖം കണ്ടെങ്കിലും മത്സ്യ വില്പന തൊഴിലാളിയായ ടൈറ്റസ് വഴുതി മാറി തിരികെ ജീവിതത്തിലേക്ക് എത്തി. കോവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത് സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ രംഗത്തെ അത്യപൂര്‍വ്വമായ സംഭവമായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഈ കോവിഡ്  അതിജീവനത്തിന്റെ  ഏറ്റവും മികച്ച അടയാളപ്പെടുത്തല്‍. 43 ദിവസം വെന്റിലേറ്ററിലും അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്ന  ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വെന്റിലേറ്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും സഹായം വിട്ട് ആരോഗ്യ പുരോഗതി നേടിയത്.
ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവില്പന തൊഴിലാളിയെ കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ്  പോസിറ്റീവ് ആയതിനെതുടര്‍ന്ന്   മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശ്വാസകോശ വിഭാഗം ഐ സി യു വിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. പതിനായിരക്കണക്കിന് രൂപ വിലയുള്ള ജീവന്‍രക്ഷാമരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായിവന്നു. ആറ് ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലേറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച്  മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ട് തവണ പ്ലാസ്മാ തെറാപ്പിയും നടത്തി. ജൂലൈ 15ന് ടൈറ്റസ് കോവിഡ്  നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ  തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്റിലേറ്ററിലും പിന്നീട് ഐ സി യുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21 ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഇന്നലെ(സെപ്റ്റംബര്‍ 18) ടൈറ്റസ് ആശുപത്രി വിട്ടു.  ദീര്‍ഘനാള്‍ കിടക്കയില്‍ തന്നെ കിടന്നതിന്റെ അസ്വസ്ഥതകള്‍ ടൈറ്റസിനുണ്ട്. നാല് ആഴ്ച കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തണം. ആവശ്യമുണ്ടെങ്കില്‍ ഡോക്ടര്‍മാരെ ഫോണില്‍ ഏതു സമയത്തും വിളിക്കാം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് ടൈറ്റസ് നന്ദി പറയുന്നു തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന്. ശാസ്താംകോട്ട ആഞ്ഞിലിമൂട് പല്ലിക്കശ്ശേരിയിലാണ് താമസമെങ്കിലും ആശുപത്രിയില്‍ നിന്നു മരുമകന്റെ ചവറ പുതുക്കാട്ടെ വസതിയിലേക്കാണ് എത്തിച്ചത്.  പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃകയാവുകയാണ് ടൈറ്റസ്.
(പി.ആര്‍.കെ നമ്പര്‍ 2478/2020)

 

date