പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ സമൂഹത്തിലെത്തിക്കാന്‍ മികവുത്സവം 2018
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയും മികവും പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിന് മികവുത്സവം 2018 എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നു. മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കി പൊതുവിദ്യാലയങ്ങളുടെ സമീപപ്രദേശങ്ങളിലുള്ള എല്ലാ വിദ്യാര്‍ഥികളെയും പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുക, വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്ര ങ്ങളാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത പരിപാടികള്‍ സമൂഹവുമായി പങ്കിടുക, മത്സരസ്വഭാവമില്ലാതെ അക്കാദമിക മികവുകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കുട്ടികളുടെ സര്‍ഗവാസനകള്‍ പങ്കുവയ്ക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക എന്നിവയാണ് മികവുത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഏപ്രില്‍ 15നകം എല്ലാ സ്‌കൂളുകളിലും മികവുത്സവം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്‌കൂള്‍ കാമ്പസിന് പുറത്ത് പൊതുസമൂഹത്തിന് എത്തിച്ചേരാന്‍ കഴിയുന്ന വായനശാലകള്‍, പൊതുസ്ഥലങ്ങള്‍ ഇവിടങ്ങളിലായിരിക്കും മികവുത്സവം സംഘടിപ്പിക്കുക. സംഘാടനത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പിന്തുണ ഉറപ്പാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
ഒന്ന് മുതല്‍ 10 വരെ ക്ലാസുകളുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും മികവുത്സവം സംഘടിപ്പിക്കും. മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്കവിധമായിരിക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുക. അക്കാദമിക മികവിന് മുന്‍ഗണന നല്‍കി ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയില്‍ കുട്ടികള്‍ ആര്‍ജിച്ച കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പ്രാദേശിക സമൂഹവുമായി വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ പങ്കിടുന്ന വിപുലമായ ഒരു പരിപാടിയായിരിക്കുമിത്. വായന മികവുത്സവത്തിലെ ഒരു പ്രധാന ഇനമാണ്. മലയാളത്തിളക്കം, എല്ലാവരും സ്വതന്ത്ര വായനക്കാര്‍, ഒന്നാം ക്ലാസ് ഒന്നാംതരം വായനക്കാര്‍ എന്നീ പരിപാടികള്‍ പ്രൈമറി ക്ലാസുകളില്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് കുട്ടികള്‍ നടത്തുന്ന അവതരണങ്ങളിലൂടെ കഴിയും. വേദിയില്‍ വച്ചിട്ടുള്ള പുസ്തകങ്ങളിലെ ആശയങ്ങള്‍ പങ്കിടല്‍, സദസില്‍ നിന്ന് ആവശ്യപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ വിവരണം, കഥ, കവിത എന്നിവ തത്സമയം വായിച്ച് ആശയം വിശദീകരിക്കല്‍, നിരൂപണം, അവലോകനം എന്നിവയും വിദ്യാര്‍ഥികള്‍ തന്നെ നടത്തും. എല്ലാ കുട്ടികളും ഏതെങ്കിലും ലഘുശാസ്ത്ര പരീക്ഷണം വേദിയില്‍ അവതരിപ്പിച്ച് അതിന്റെ ശാസ്ത്രീയത വ്യക്തമാക്കും. ഗണിത പസിലുകളുടെ അവതരണം, ക്ഷണിക്കപ്പെട്ടവരുമായി കുട്ടികളുടെ തത്സമയ അഭിമുഖം, ടാലന്റ് ലാബ് അനുഭവം പങ്കിടല്‍, സര്‍ഗാത്മക രചനുകളുടെ അവതരണം തുടങ്ങിയവയും കുട്ടികള്‍ നടത്തും. മികവുത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാലയ മേധാവികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.
- Log in to post comments