Skip to main content

ജില്ലാ പഞ്ചായത്തിന് 252 കോടിയുടെ ബജറ്റ് സ്ത്രീ സൗഹൃദ ശിശു ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം

 

ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ സ്ത്രീ സൗഹൃദ-ശിശുക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം. ആകെ വരവ് 252.19 കോടി രൂപയും ആകെ ചെലവ് 232.72 കോടി രൂപയും നീക്കിയിരുപ്പ് 19.46 കോടി രൂപയും ഉളള മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. സ്ത്രീ സൗഹൃദ പദ്ധതികളുടെ ഭാഗമായി തിരുവാര്‍പ്പ് പഞ്ചായത്തില്‍ ജെന്‍ഡര്‍ പാര്‍ക്കിന് 80 ലക്ഷം രൂപ വകയിരുത്തി. ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കായി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശിശുസൗഹൃദ ടോയ്‌ലെറ്റ് സഹിതം അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. അങ്കണവാടികള്‍ക്ക് പോഷകാഹാര പദ്ധതിക്കായി 25,00,000 രൂപ വകയിരുത്തി. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് പദ്ധതി എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 1,54,00,000 രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്കുള്ള മന്ദഹാസം പദ്ധതിക്കായി 25,00,000 രൂപയും കേള്‍വി ശക്തി കുറഞ്ഞ കുട്ടികള്‍ക്ക് കോക്‌ളിയര്‍ ഇംപ്ലാന്റേഷന് 10 ലക്ഷവും  വകയിരുത്തിയിട്ടുണ്ട്. എച്ച്.ഐ.വി.ബാധിതര്‍ക്ക് പോഷകാഹാരവിതരണത്തിനായി 20 ലക്ഷം രൂപ, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിനായി  ഒരു കോടി രൂപ എന്നിവ ബജറ്റിലെ സുപ്രധാന വകയിരുത്തലുകളാണ്. ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ സംരഭം-കാന്റീന്‍ ഇവയ്ക്കായി 20 ലക്ഷം രൂപ ബജറ്റില്‍ നീക്കി വച്ചു. കുടുംബശ്രീ-വനിത കിയോസ്‌ക് പദ്ധതിക്കായി 33,00,000 രൂപയും ആശ്രയ പദ്ധതിക്ക് 25,00,000 രൂപയും നീക്കി വച്ചിട്ടുണ്ട്. കുട്ടികളിലൂടെ ജൈവ കൃഷി പ്രോത്സാഹനത്തിന് ഹരിതകേരള ഓണം പദ്ധതി നടപ്പാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖല ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഇന്നവേറ്റീവ് സ്റ്റെം എഡ്യൂക്കേഷന്‍ പദ്ധതിക്കായും 50,00,000 രൂപ വകയിരുത്തി.10-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി അധികപഠനത്തിന് ഒരു കോടി രൂപയും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുവാന്‍ 25 ലക്ഷവും ബജറ്റിലുണ്ട്. സാക്ഷരതാമിഷന്‍ നടത്തുന്ന 10-ാം ക്ലാസ് തുല്യതാ പരിപാടിക്ക് 20 ലക്ഷം രൂപയും വകയിരുത്തി.

സര്‍ക്കാരിന്റെ പ്രധാന മിഷനുകളില്‍ð ഒന്നായ ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ð  10 കോടി 65 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. കാര്‍ഷിക മേഖലയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി തരിശുനില കൃഷിക്ക് മുന്‍വര്‍ഷത്തെ പോലെ പ്രാമുഖ്യം നല്‍കും. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ വെര്‍ട്ടിക്കല്‍ ആക്‌സയില്‍ ഫ്‌ളോ പമ്പുകള്‍ ഈ വര്‍ഷവും സ്ഥാപിക്കും. ബജറ്റില്‍ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തിലൂടെ മീനച്ചിലാറും കൊടൂരാറും ചെളി നീക്കി വൃത്തിയാക്കിയ മാതൃക തുടര്‍ന്നും മറ്റു തോടുകളിലും ആറുകളിലും നടപ്പാക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തി. മിനി റൈസ് മില്ലുകളും സൈലോയും സ്ഥാപിക്കുന്നതിന് 20 ലക്ഷവും മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മാണത്തിന് കോഴായില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലേക്ക് മെഷീനറികള്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപയും വകയിരുത്തി. ജൈവകൃഷി പ്രോത്സാഹനം, ഇക്കോഷോപ്പുകള്‍ക്ക് സഹായം എന്ന ഇനത്തില്‍ 5ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോഴായില്‍ð ആരംഭിക്കുന്ന ഫാം ഫെസിലിറ്റേഷന്‍ സെന്റര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 5 ലക്ഷം രൂപ വകയിരുത്തി. കൂടാതെ മഹീന്ദ്രയുടെ കാര്‍ഷികോപകരണങ്ങളുടെ റിപ്പയറിംഗ് സെന്ററും ആരംഭിക്കും. ക്ഷീരകര്‍ഷകരുടെ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിക്കായി 50,00,000 രൂപയാണ് വകയിരുത്തിയത്.

      ഭൂജലപരിപോഷണം ലക്ഷ്യമിട്ട് 50 ലക്ഷം രൂപ വകയിരുത്തിയപ്പോള്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണം, തോടുകളുടെ ആഴം കൂട്ടല്‍, ബണ്ട് നിര്‍മ്മാണം, കയര്‍ ഭൂവസ്ത്ര വിതാനം എന്നിവയ്ക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ഏക്കര്‍ സ്ഥലം വിട്ടു തരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനവുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ഐ ടി പാര്‍ക്കിനു വേണ്ടി 50 ലക്ഷം ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ഖാദി മേഖലക്ക്  ഗുണകരമാകുന്ന ഒരു വീട്ടില്‍ð ഒരു തറി എന്ന പദ്ധതിയ്ക്കു വേണ്ടി 15 ലക്ഷം രൂപ വകയിരുത്തി. ടൂറിസം വികസനം ലക്ഷ്യമിട്ട് കുമരകത്ത് ആധുനിക ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപയും ബജറ്റിലുണ്ട്. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി കുമരകം ആര്‍.എ.ആര്‍.എസ്.ന് സമീപം മത്സ്യസങ്കേതം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ ബജറ്റ് നീക്കി വച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ð പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന് 55 ലക്ഷം രൂപയും വൈദ്യുതി സ്ട്രീറ്റ് മെയിന്‍ എക്സ്റ്റന്‍ഷന്‍ ആയി 55 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                   (കെ.ഐ.ഒ.പി.ആര്‍-556/18)

date