Skip to main content

സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശ സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കണം : അന്നപൂര്‍ണാദേവി

പൊതു ഇടങ്ങളിലെ സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തി  സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശസ്ഥാപനങ്ങളും സ്ത്രീസൗഹൃദമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   അന്നപൂര്‍ണാദേവി നിര്‍ദ്ദേശിച്ചു.  കില മാനവശേഷി വികസനകേന്ദ്രവും ജില്ലാ ദാരിദ്ര്യ ലഘൂകരണവിഭാഗവും ചേര്‍ന്നു നടത്തിയ ലിംഗപദവിയും നേതൃശേഷിയും എന്ന വിഷയത്തിലുളള ദ്വിദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യപദവിയും  വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതലായി ഏറ്റെടുക്കണം.  സ്ത്രീകളും പെണ്‍കുട്ടികളും  ധാരാളമായി എത്തുന്ന സര്‍ക്കാര്‍ ആഫീസുകള്‍, സ്‌കൂള്‍, കോളജുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി ശുചിമുറികളുളള വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.  അടുത്ത വാര്‍ഷിക പദ്ധതിയില്‍  16 ഡിവിഷനുകളിലേയും തെരഞ്ഞെടുത്ത ഓരോ സര്‍ക്കാര്‍ സ്‌കൂളിലും 15 ലക്ഷം വീതം ചെലവിട്ട് പെണ്‍കുട്ടികള്‍ക്കായി  ശുചിമുറികളുളള വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍ അദ്ധ്യക്ഷത വഹിച്ചു.  കില സി.എച്ച്.ആര്‍.ഡി സെക്രട്ടറി സി.എസ് ലതിക പരിശീലനപരിപാടി വിശദീകരിച്ചു.  ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍  ആമുഖപ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. തങ്കമ്മ ടീച്ചര്‍, ഗിരിജാ മധു എന്നിവര്‍ പ്രസംഗിച്ചു. കില ഫാക്കല്‍റ്റി ഡോ.ആര്‍.എം. അമൃതരാജ് ക്ലാസെടുത്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വനിതാ ജനപ്രതിനിധികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.  എ.ഡിസി ജനറല്‍ കെ. രശ്മിമോള്‍, വനിതാവികസന ആഫീസര്‍മാരായ കെ. രമാഭായി, ഡെയ്‌സി റ്റി കോശി, വനിതാബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.                                         

 

date