Skip to main content
chief justice

നിയമം അവസാനിക്കുന്നിടത്ത് ഏകാധിപത്യം നിലവില്‍ വരുന്നു: ചീഫ് ജസ്റ്റിസ്

 

കൊച്ചി: നിയമം എവിടെ അവസാനിക്കുന്നുവോ അവിടെ ഏകാധിപത്യം പിടിമുറുക്കുമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. നിയമവ്യവസ്ഥിതി നിലനിര്‍ത്തുന്നതില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ സംസ്ഥാന പ്രോസിക്യൂട്ടര്‍മാരുടെ പരിശീലന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ക്രിമിനല്‍ നിയമരംഗം സുശക്തവും സുദൃഢവുമാകുന്നതിന് മികച്ച പ്രോസിക്യൂട്ടര്‍മാര്‍ അനിവാര്യമാണ്. ഇരകളുടെ വക്താക്കളാകാനുള്ള നിയോഗമാണ് പ്രോസിക്യൂട്ടര്‍മാര്‍ ഏറ്റെടുക്കുന്നത്. മികച്ച പ്രോസിക്യൂട്ടര്‍മാരെ വാര്‍ത്തെടുക്കുന്നതിന് തുടര്‍ പരിശീലന പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സുരേഷ് ബാബു തോമസ്, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എസ്. ഷഫീഖ് റഹ്മാന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ലത എന്നിവര്‍ സംസാരിച്ചു. ഐ.ജി വിജയ് സാക്കറെ, ഡിവൈ.എസ്.പി ഇ.എസ്. ബിജുമോന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ശില്‍പ്പശാല ഇന്ന് സമാപിക്കും.

പടം ക്യാപ്ഷന്‍

സംസ്ഥാന പ്രോസിക്യൂട്ടര്‍മാരുടെ പരിശീലന ശില്‍പ്പശാല ബോള്‍ഗാട്ടിയില്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യുന്നു. സി. ശ്രീധരന്‍ നായര്‍, സുരേഷ് ബാബു തോമസ്, ഷഫീഖ് റഹ്മാന്‍ സമീപം.

date