Skip to main content

സ്ത്രീകളുടെ സഹായത്തിനായി കാതോർത്ത്

kathorthu women helpline

സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ അതിപ്രാധാന്യം അർഹിക്കുന്നു. അതിനാൽതന്നെ സ്രീധനത്തിന്റെ പേരിലും മറ്റ് അനവധി കാരണങ്ങൾ കൊണ്ടും നടക്കുന്ന ശാരീരിക മാനസിക പീഡനങ്ങൾ പലപ്പോഴും സമൂഹം അവസാന നിമിഷമാണ് അറിയുന്നതും മനസിലാക്കുന്നതും. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള വനിതാ ശിശു വികസന വകുപ്പിന്റെ കാതോർത്ത് പദ്ധതി.
 
ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളിൽ പോകാതെതന്നെ 48 മണിക്കൂറിനുള്ളിൽ മേൽപറഞ്ഞ സേവനങ്ങൾ അപേക്ഷകയ്ക്ക് ലഭിക്കുന്നു എന്നതാണ് കാതോർത്ത് പദ്ധതിയുടെ സവിശേഷത. ഓൺലൈനിൽ വളരെ എളുപ്പത്തിൽ അപേക്ഷിക്കാം എന്നതിനാൽതന്നെ അവരുടെ യാത്രാക്ലേശവും സമയനഷ്ടവുമില്ല. വീടിനുള്ളിൽ പുറത്തിറങ്ങാനാകാതെ പെട്ടുകിടക്കുന്ന സാഹചര്യത്തിലും അവസ്ഥകളിലും കാതോർത്ത് പദ്ധതി അനുഗ്രഹമാണ്. virtual  platform ഉപയോഗിക്കാൻ സന്നദ്ധയായ ഏതൊരു സ്ത്രീക്കും കാതോർത്ത് പദ്ധതിയുടെ സേവനം ലഭിക്കാൻ രജിസ്റ്റർ ചെയ്യാം. അതും വളരെ എളുപ്പത്തില് ലളിതമായി അപേക്ഷിക്കാം എന്നതും ഇതിന്റെ മേന്മയാണ്.

ഇനി സേവനത്തിനായി അപേക്ഷ രജിസ്റ്റർ ചെയ്യുന്നവിധം എങ്ങനെയെന്ന് നോക്കാം. സേവനം ആവശ്യമായ ഗുണഭോക്താവ് കാതോർത്ത് പദ്ധതിക്കായി രൂപീകരിച്ച kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലെത്തണം. ഇതിൽഅടുത്ത പടിയായി പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകി ആവശ്യമായ സേവനം തിരഞ്ഞെടുക്കണം. കൗൺസിലിങ്, നിയമസഹായം,  പോലീസ് സഹായം എന്നിവയിൽ ഒന്നിൽ കൂടുതൽ സേവനങ്ങൾ ഒരേസമയം ആവശ്യമായപക്ഷം അതും രേഖപ്പെടുത്താം. ആവശ്യപ്പെട്ട സേവനം 48 മണിക്കൂറിനുള്ളിൽ ലഭിക്കാൻ അടുത്ത രണ്ടു ദിവസങ്ങളിലെ അനുവദനീയമായ സമയമോ, അഥവ എന്തെങ്കിലും അസൗകര്യമെങ്കിൽ others എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് സൗകര്യമുള്ള സമയമോ രേഖപ്പെടുത്താം. വിവരങ്ങൾ വിജയകരമായി നൽകി പൂർത്തിയാകുന്ന സമയത്ത് അപേക്ഷ രജിസ്റ്റർ ആവുകയും ഒരു സർവീസ് നമ്പർ ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇ മെയിൽ/മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കുകയും ചെയ്യും. തുടർന്ന് കാതോർത്തിന്റെ സഹായം നിങ്ങൾക്ക്് ലഭ്യമാകും.
 
ഓൺലൈൻ കൺസൾട്ടേഷനു ലീഗൽ ആന്റ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റിൽ നിന്നും പ്രാപ്തരായ താല്പര്യമുള്ളവരുടെ പാനൽ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര (MSK) മുഖേന ലഭ്യമാക്കുകയും സേവനം നൽകുകയും ചെയ്യും. പോലീസ് സഹായം ആവശ്യമുള്ള പക്ഷം വിമൺ സെല്ലിന്റെ സേവനം പോർട്ടൽ വഴി ലഭിക്കും.
 
കൂടാതെ ഓരോരുത്തരും കൈമാറുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശേഖരിച്ച വിവരങ്ങൾ വകുപ്പിന്റെ പാനലിൽ ഉള്ള ലീഗൽ ആന്റ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഒരിക്കലും വിവരം കൈമാറുന്ന ആളിന്റെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല. 
അപേക്ഷയുടെ രജിസ്‌ട്രേഷന് നടക്കുമ്പോൾ തന്നെ എസ്എംഎസും ഇമെയിൽ അറിയിപ്പും ലഭിക്കും. കൂടാതെ 48 മണിക്കൂറിനുള്ളിൽ വീഡിയോ കോൺഫറൻസ് തരപ്പെടുത്തിയ എസ്.എം.എസ് അപ്‌ഡേറ്റുകളും പരാതി നൽകിയവർക്ക് ലഭിക്കുന്നതാണ്.