Skip to main content

പിന്നാക്ക വിഭാഗങ്ങൾക്ക് സംരക്ഷണവും ജീവിതത്തിൽ നേട്ടമാകുന്ന പദ്ധതികളും സർക്കാർ നടപ്പാക്കുന്നു: മുഖ്യമന്ത്രി

രാജ്യത്ത് പലയിടത്തും ദളിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോൾ കേരളത്തിൽ സർക്കാർ ഈ വിഭാഗങ്ങൾക്കായി സംരക്ഷണ പ്രവർത്തനങ്ങളും ജീവിതത്തിൽ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണം സമാപനവും എസ്. സി, എസ്. ടി, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതികളുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാർ എക്കാലവും പിന്നാക്ക വിഭാഗങ്ങൾക്കായി ഈ നിലപാടു സ്വീകരിച്ചിട്ടുണ്ട്.
ദളിതർക്ക് സാമ്പത്തികവും സാമൂഹ്യവുമായി സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് നൽകാൻ ഇ. എം. എസിന്റെ കാലം മുതലുള്ള ഇടതു സർക്കാരുടെ ശ്രമിച്ചിട്ടുണ്ട്. കാർഷിക, ഭൂമി, വിദ്യാഭ്യാസ രംഗങ്ങളിൽ വരുത്തിയ മാറ്റം ഉദാഹരണമാണ്. സംസ്ഥാനത്ത് ആത്മാഭിമാനമുള്ള കർഷക സമൂഹത്തെ രൂപീകരിക്കാനായതിനു പിന്നിൽ നിരവധി പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഇതിന്റെ ഭാഗമായി അനുഭവിക്കേണ്ടി വന്ന ഒട്ടേറെ പീഡനങ്ങളുടെയും വീറുറ്റ ചരിത്രമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെയെല്ലാം തമസ്‌കരിച്ച് ജാതിവെറിയുടെയും മതസ്പർധയുടെയും ഇരുണ്ടകാലത്തേക്ക് അധസ്ഥിത വിഭാഗങ്ങളെ തള്ളിയിട്ട് ചൂഷണം ചെയ്യാൻ ജാതീയ, വർഗീയ ശക്തികൾ ഇന്ന് മത്‌സരിക്കുകയാണ്. ഈ ശ്രമം തിരിച്ചറിയാൻ നമുക്ക് കഴിയണം. ആരാണ് ഒപ്പം നിന്നതെന്നും ആരാണ് ചതിച്ചതെന്നും മനസിലാക്കണം. ആരാണ് സമത്വത്തിലേക്ക് കൈപിടിച്ചതെന്നും ആരാണ് അസമത്വത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതെന്നും തിരിച്ചറിയണം. ആരാണ് മനുഷ്യരെയാകെ ഒരു പോലെ കാണുന്നതെന്നും ആരാണ് തൊട്ടുകൂടായ്മയുടെ കാലത്തേക്ക് വലിച്ചിടുന്നതെന്നും വ്യക്തമായി അറിയണം. ഈ തിരിച്ചറിവിൽ നിന്നു വേണം ഓരോ സാമൂഹ്യ പക്ഷാചരണവും നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്ക് വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പിന്നാക്ക വിഭാഗ കോർപറേഷന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം ഗുണഭോക്താക്കൾക്ക് 1931 കോടി രൂപയുടെ വായ്പ അനുവദിച്ചു. കോർപറേഷൻ രൂപീകൃതമായി നാളിതുവരെ വിതരണം ചെയ്തതിന്റെ 49 ശതമാനമാണ് ഈ തുക. വ്യത്യസ്ത മേഖലകളിലുള്ളവർക്കാണ് ഇത്തരത്തിൽ വായ്പ അനുവദിച്ചത്.
നൂറ് പട്ടികവർഗ യുവതീയുവാക്കൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി പോലീസിലും എക്‌സൈസ് വകുപ്പിലും ജോലി നൽകി. 1,32,000 പേർക്ക് ചികിത്‌സ ധനസഹായം നൽകി. ആദിവാസി ഊരുകളിൽ 250 സാമൂഹ്യപഠന മുറികൾ പൂർത്തിയായി. പട്ടികജാതി വിഭാഗങ്ങൾക്ക് വീടിനോടു ചേർന്ന് 12500 പഠന മുറികൾ നിർമിച്ചു നൽകി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം 50 ശതമാനം ഉയർത്തി. നിരവധി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ആരംഭിച്ചു. മൂന്ന് മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളും മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും 18 ഐ. ടി. ഐകളും തുടങ്ങി. വിദേശ പഠനത്തിനും തൊഴിലിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. വിദേശ പഠനത്തിനായി പരമാവധി 25 ലക്ഷം രൂപ വരെ ധനസഹായം നൽകി. വിദേശത്ത് തൊഴിൽ നേടാൻ 4162 പേർക്ക് ഒരു ലക്ഷം രൂപ വീതം നൽകി. 70,000 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ കടാശ്വാസം അനുവദിച്ചു. പെൺകുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വാത്‌സല്യനിധി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. വാസയോഗ്യമല്ലാത്ത പതിനായിരം വീടുകളുടെ പുനർനിർമാണത്തിന് സഹായമായി വീടൊന്നിന് ഒന്നരലക്ഷം രൂപ വീതം അനുവദിച്ചു. 17177 ഭൂരഹിതർക്ക് വീട് വയ്ക്കാൻ സ്ഥലം അനുവദിച്ചു. 60,000ത്തിലധികം പട്ടികജാതി കുടുംബങ്ങൾക്ക് വീടു വച്ചു നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 3582/2020

date