Skip to main content

ആരോഗ്യരംഗത്ത് മനുഷ്യാവകാശലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം-മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

    ആരോഗ്യരംഗത്ത് മനുഷ്യാവകാശലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രോഗികളും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആര് കുറ്റം ചെയ്താലും നടപടിയുണ്ടാകും. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളെ രോഗീ സൗഹൃദകേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പൂര്‍ണമായ മനുഷ്യാവകാശം സാധ്യമാവുകയുള്ളു. പാവപ്പെട്ട എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുക എന്ന ദൗത്യം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചികിത്സാ ചിലവ് കുറച്ചുകൊണ്ടു വരികയാണ്. സര്‍ക്കാര്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. സര്‍ക്കാര്‍ മേഖലയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ്. ഇത് തിരിച്ചറിയാന്‍ മാധ്യമങ്ങളും തയാറാകേതുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍, ഡോ.ജോണ്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു.
പി.എന്‍.എക്‌സ്.1239/18

date