Skip to main content

ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം

    സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ  ഏപ്രില്‍ മാസത്തില്‍ ചുവടെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും.
    എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) കാര്‍ഡിന്  30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
    മുന്‍ഗണനാ വിഭാഗത്തില്‍പെട്ട കാര്‍ഡുകളിലെ (പിങ്ക് നിറത്തിലുള്ള റേഷന്‍കാര്‍ഡ്) ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
    മുന്‍ഗണനയിതര വിഭാഗത്തില്‍പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (എന്‍പിഎസ് - നീല നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) ഓരോ അംഗത്തിനും രണ്ടു കിലോ അരി കിലോയ്ക്ക് രണ്ട് രൂപ നിരക്കിലും ഓരോ കാര്‍ഡിനും മൂന്നു കിലോ ഫോര്‍ട്ടിഫൈഡ് ആട്ട വരെ ലഭ്യതയനുസരിച്ച് കിലോയ്ക്ക് 15 രൂപ നിരക്കിലും ലഭിക്കും.
    രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനയിതര വിഭാഗത്തില്‍പെട്ടവര്‍ക്ക് (എന്‍പിഎന്‍എസ് - വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് അരിയും ഗോതമ്പുമുള്‍പ്പെടെ രണ്ടു കിലോ ഭക്ഷ്യധാന്യം അരി കിലോയ്ക്ക് 8.90 രൂപ നിരക്കിലും ഗോതമ്പ് കിലോയ്ക്ക് 6.70 രൂപ നിരക്കിലും ലഭിക്കും.  കൂടാതെ ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് മൂന്ന് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട വരെ കിലോയ്ക്ക് 15 രൂപ നിരക്കിലും ലഭിക്കും
    വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാലു ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 23/- രൂപ നിരക്കില്‍ ലഭിക്കും.
    ഇ-പോസ് മെഷീന്‍ മുഖേന വിതരണം ആരംഭിക്കുമ്പോള്‍ എ.എ.വൈ  ഒഴികെയുള്ള വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് കി.ഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് കൂടി ഈടാക്കും.
    ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ചോദിച്ചു വാങ്ങണം.
    പരാതികളും നിര്‍ദേശങ്ങളും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലോ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫീസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫീസ്, തിരുവനന്തപുരം - 33 എന്ന വിലാസത്തിലോ അറിയിക്കാം.
പി.എന്‍.എക്‌സ്.1304/18

 

date