Skip to main content

സാമൂഹ്യ വികസനത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പങ്ക് സ്തുത്യര്‍ഹം -ഗവര്‍ണര്‍

    കേരളത്തിന്റെ സാമൂഹ്യ വികസനത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നിര്‍വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വികസിത രാജ്യമായ ഇന്ത്യയെ നയിക്കേണ്ട ഭാവി നേതാക്കളായി വളരാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വെള്ളായണിയില്‍ നടന്ന തിരുവനന്തപുരം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വാര്‍ഷിക വേനലവധി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    ദുര്‍ബല വിഭാഗങ്ങളോട് സഹാനുഭൂതിയും ആപത്തില്‍ പെടുന്നവരെ സഹായിക്കാനുള്ള മനസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദത്തോടെ പെരുമാറാന്‍ ഈ പ്രസ്ഥാനം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. പാഠപുസ്തകങ്ങളുടെ ഇടുങ്ങിയ ലോകത്തു നിന്നും ചുറ്റുപാടുകളിലുള്ള വിശാലമായ അറിവുകളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ സ്റ്റുഡന്റ് പോലീസ് പ്രസ്ഥാനത്തിന്റെ അമരക്കാര്‍ക്ക് കഴിയുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.  ലിംഗവിവേചനത്തിനെതിരെയും പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിനു വേണ്ടിയും സ്ത്രീത്വത്തിന്റെ അന്തസ് സംരക്ഷിക്കുന്നതിനും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
    ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നുള്ള എഴുനൂറ് കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് ഒരാഴ്ച നീളും.  ശശി തരൂര്‍ എം.പി. അധ്യക്ഷത വഹിച്ചു. എസ്.പി.സി ചെയര്‍മാന്‍ കൂടിയായ എ ഡി ജി പി ആനന്ദകൃഷ്ണന്‍, ഐ ജി മനോജ് എബ്രഹാം, ഡെപ്യൂട്ടി കമ്മീഷണര്‍ ജി.ജയദേവ് , എസ് പി സി ജില്ലാ നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കമ്മീഷണറുമായ വി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  ഉദ്ഘാടനസമ്മേളനത്തിനുശേഷം ഗവര്‍ണര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
പി.എന്‍.എക്‌സ്.1310/18

date