പ്രൈമറി ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നാളെ മുതല്‍ (ഏപ്രില്‍ 11)
സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള നാലുദിന പരിശീലനം നാളെ മുതല്‍ ആരംഭിക്കും. ഹൈസ്‌ക്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗങ്ങളോട് ചേര്‍ന്നും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗത്തിലെ 11,000-ലധികം ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരായ (പി.എസ്.ഐ.ടി.സി.) അധ്യാപകര്‍ക്കാണ് ഏപ്രില്‍ 24 നകം രണ്ടു ബാച്ചുകളിലായി എല്ലാ ജില്ലകളിലും ഐ.ടി. പരിശീലനം നല്‍കുന്നത്.
പ്രൈമറി സ്‌കൂളുകളിലെ ഐ.സി.ടി. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും സാങ്കേതിക പ്രശ്‌നങ്ങളുണ്ടായാല്‍ അത് സ്‌കൂളുകളില്‍ത്തന്നെ പരിഹരിക്കാനും കോ-ഓര്‍ഡിനേറ്റര്‍മാരെ സജ്ജമാക്കുന്ന തരത്തിലാണ് പരിശീലനം. ഓപ്പറേറ്റിംഗ് സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ എന്നിവയുടെ ഉപയോഗം, സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍, 'സമഗ്ര' ലേണിംഗ് മാനേജ്‌മെന്റ് പോര്‍ട്ടല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തല്‍, വിവിധ വിഷയങ്ങള്‍ക്കുള്ള ഐ.ടി. അധിഷ്ഠിത ഉള്ളടക്കം, ഭാഷാ കമ്പ്യൂട്ടിംഗ്, ഇന്‍സ്റ്റലേഷന്‍-ട്രബിള്‍ ഷൂട്ടിംഗ് തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കാണ് ഒരേസമയം 230 കേന്ദ്രങ്ങളിലായി പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതല്‍ പന്ത്രണ്ടുവരെ
യുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം തന്നെ മുഴുവന്‍ പ്രൈമറി വിഭാഗങ്ങള്‍ക്കും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഈ പരിശീലനമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
പി.എന്‍.എക്‌സ്.1314/18
- Log in to post comments