Skip to main content

ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികളുടെ പ്രയോജനം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പാക്കും-മന്ത്രി കെ.ടി.ജലീല്‍

    കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട മുസ്ലിം, ക്രൈസ്തവേതര മതന്യൂനപക്ഷങ്ങളായ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളുടെ മത സമുദായ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും ലഭ്യമാകുന്ന എല്ലാ പരിരക്ഷയും സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും ഉറപ്പാക്കും. വര്‍ഷത്തിലൊരിക്കല്‍ ഇത്തരം യോഗം വിളിച്ചു ചേര്‍ക്കും. 
    ജൈന മത സമുദായത്തെ പ്രതിനിധീകരിച്ച് കോഴിക്കോട്, വയനാട്, കൊച്ചി, പാലക്കാട്, തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരും ബുദ്ധമതത്തെ പ്രതിനിധികരിച്ച് അഭയലോക ബുദ്ധിസ്റ്റ് കമ്മ്യൂണിറ്റി, ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് യൂത്ത് ഓര്‍ഗൈനൈസേഷന്‍, ബുദ്ധിസ്റ്റ് കൗണ്‍സില്‍ കേരള ആന്റ് ദി ബുദ്ധിസ്റ്റ് റിസര്‍ച്ച് സെന്റര്‍ പ്രബുദ്ധ ഭാരത് സംഘ് നേതാക്കള്‍, പാഴ്‌സി സമുദായത്തെ പ്രതിനിധീകരിച്ച് കോഴിക്കോട് പാഴ്‌സി അഞ്ചുമാന്‍ പ്രസിഡന്റ് മാര്‍ഷല്‍ ദാരിയസ്, സിക്ക് സമുദായത്തെ പ്രതിനിധികരിച്ച് കൊച്ചിയിലെ സിക്ക് സമുദായ നേതാവ് ബാന്റി സിംഗ് എന്നിവര്‍ സംസാരിച്ചു.  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ന്യൂനപക്ഷ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ദിലീപ് കുമാര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസര്‍ ഫസില്‍ എ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.1342/18

date