Skip to main content

മികവിന്റെ കേന്ദ്രങ്ങളാവാന്‍ വിദ്യാലയങ്ങള്‍: ഹൈടെക് ക്ലാസ് മുറികളുമായി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍

 

 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ് മുറികളുമായി അടുത്ത അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാര്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ജില്ലയിലെ തിരഞ്ഞെടുത്ത 405 വിദ്യാലയങ്ങളിലെ 3857 ക്ലാസ്മുറികള്‍ ഇതിനകം സ്മാര്‍ട്ടായി. അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോഴേക്കും ശേഷിക്കുന്ന ക്ലാസ്മുറികള്‍ കൂടി സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ക്ലാസ്മുറികള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലയിലെ 6869 ക്ലാസ്മുറികളാണ് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്പീക്കര്‍, മൗണ്ടിംഗ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമയി ബന്ധിപ്പിച്ച് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് ഹൈടെക് സ്‌കൂളുകളില്‍ ഉണ്ടാവുക. ഐ.സി.ടി ഉപകരണങ്ങളുടെ വിതരണവും പദ്ധതിയുടെ മേല്‍നോട്ടവും കൈറ്റ് (കേരള ഇന്‍ഫ്രസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍) ആണ് നിര്‍വഹിക്കുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയ വിദ്യാലയങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ 3662 ലാപ്‌ടോപ്പുകളും 3655 മള്‍ട്ടിമീഡിയ പ്രോജക്ടറുകളും 1259 പ്രൊജക്ടര്‍ സ്‌ക്രീകനുകളും 3541 സീലിംഗ് മൗണ്ടിംഗ് കിറ്റുകളും 3539 എച്ച്.ഡി.എം.ഐ ഫേസ് പ്ലേറ്റുകളും 3541 എച്ച്.ഡി.എം.ഐ കേബിളുകളും വിതരണം ചെയ്തിട്ടുണ്ട്. പ്രൊജക്ടറിനു പകരം ചുമര്‍ പെയിന്റ് ചെയ്ത് പ്രൊജക്ടര്‍ സ്‌ക്രീനായി ഉപയോഗിക്കാന്‍ തീരുമാനിച്ച സ്‌കൂളുകള്‍ക്ക് പെയിന്റിംഗിനാവശ്യമായ തുകയും വിതരണം ചെയ്തു.  നെറ്റ് വര്‍ക്കിംഗ്, ഇന്റര്‍നെറ്റ് കണക് ഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 

 

പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും കമ്പ്യൂട്ടറിലുള്ള അടിസ്ഥാനപരിശീലനം, ഐ.സി.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു ക്ലാസെടുക്കുന്നതിനുള്ള പരിശീലനം എന്നിവ നല്‍കിയിട്ടുണ്ട്. ഓരോ വിഷയങ്ങളിലെയും ഐ.സി.ടി അധിഷ്ഠിത അധ്യാപനത്തിനു പര്യാപതമായ സാങ്കേതിക വശങ്ങളില്‍ പരിശീലനവും നല്‍കും. ഐടി @ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പരിശീലനം ജില്ലയില്‍ ഏപ്രില്‍ 26 മുതല്‍ നടക്കുമെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ് പറഞ്ഞു.

ഡിജിറ്റല്‍ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെ പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റല്‍ ഉള്ളടക്ക ശേഖരം, എല്ലാവര്‍ക്കും മുഴുവന്‍ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന 'സമഗ്ര' പോര്‍ട്ടല്‍, ഇ ലേണിംഗ്/എം ലേണിംഗ്/ലേണിംഗ് മാനേജ്‌മെന്റ് സംവിധാനം, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഓരോ സ്‌കൂളിലും ഓഫ് ലൈന്‍ സര്‍വറുകളില്‍ ഉള്ളടക്കശേഖരം സ്ഥാപിച്ച് അവയെ ക്ലാസ്മുറി ലൈബ്രറി ലാബുകളുമായി ബന്ധിപ്പിക്കുന്നതും ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകള്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍, ഇതര പഠന സോഫ്റ്റ് വെയറുകള്‍ എന്നിവയ്‌ക്കെല്ലാം പങ്കുവെക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വിലക്കുകളോ തുടര്‍ സാമ്പത്തിക ബാധ്യതയോ  ഇല്ലാതാക്കാന്‍ പൂര്‍ണമായും സ്വതന്ത്ര/ഓപ്പണ്‍ ലൈസന്‍സുകളുള്ള സോഫ്റ്റ് വെയറുകളും റിസോഴ്‌സുകളുമാണ് ഉപയോഗിക്കുക.

പദ്ധതിയുടെ മോണിറ്ററിംഗിനായി തത്സമയ ഫീഡ്ബാക്ക് ശേഖരിക്കല്‍, സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍, ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം, നിരന്തരമായ വിലയിരുത്തല്‍ യോഗങ്ങള്‍, ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ എന്നിവയും നടപ്പാക്കും.

ജില്ലയില്‍ ഏറനാട്-25, നിലമ്പൂര്‍- 34, വണ്ടൂര്‍- 33, കൊണ്ടോട്ടി- 34, മഞ്ചേരി- 26, പെരിന്തല്‍മണ്ണ- 24, മങ്കട- 25, മലപ്പുറം- 33, വേങ്ങര-20, വള്ളിക്കുന്ന്-18, തിരൂരങ്ങാടി-21, താനൂര്‍-18, തിരൂര്‍-26, കോട്ടയ്ക്കല്‍-24, തവനൂര്‍-17, പൊന്നാനി-27 എന്നിങ്ങനെയാണ് ഓരോ നിയോജകമണ്ഡലങ്ങളില്‍ നിന്നും സ്‌കൂളുകള്‍ ഹൈടെക് ആവാന്‍ ഒരുങ്ങുന്നത്. ഇതില്‍ 159 സ്‌കൂളുകള്‍ ഇതിനകം ആദ്യഘട്ട പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഐ.സി.ടി ഉപകരണ വിതരണത്തിനാവശ്യമായ രണ്ടാം ഘട്ട സര്‍വ്വെ ഉടന്‍ ആരംഭിക്കും. അടുത്തമാസത്തോടു കൂടി രണ്ടാംഘട്ട ഉപകരണ വിതരണവും പൂര്‍ത്തീകരിക്കാനാണ് ശ്രമം.

date