Skip to main content

റിപ്പബ്ലിക് ദിനാഘോഷം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തും

റിപ്പബ്ലിക് ദിനാഘോഷം കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍   ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ചടങ്ങുകള്‍ 26 ന് രാവിലെ ഒന്‍പതിന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിക്കും.  പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ചടങ്ങില്‍  ക്ഷണിതാക്കള്‍ 100 പേരില്‍ കൂടുതല്‍  പാടില്ല. പരേഡിനുള്ള പ്ലാറ്റൂണുകള്‍  മൂന്നു മുതല്‍ അഞ്ചു വരെ മാത്രം. മാര്‍ച്ച് പാസ്റ്റ്, കുട്ടികളുടെ പരേഡ്,  ദേശഭക്തി ഗാനം,   സമ്മാനദാനം,  വിതരണം, ഷാള്‍  അണിയിക്കുന്ന ആദരിക്കല്‍ ചടങ്ങുകള്‍  ഭക്ഷണവിതരണം തുടങ്ങിയവ ഈ വര്‍ഷത്തെ ആഘോഷ പരിപാടിയില്‍ ഇല്ല. ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തുന്ന മുഴുവന്‍ വ്യക്തികളെയും  തെര്‍മല്‍ സ്‌കാന്‍ നടത്തുന്നതിനുള്ള സംവിധാനം സ്റ്റേഡിയത്തിലെ പ്രവേശനകവാടത്തില്‍ ഒരുക്കും. ഹാന്‍ഡ് സാനിറ്റൈസര്‍,  മാസ്‌ക്  എന്നിവ വേദിയിലും പ്രവേശനകവാടത്തിലും .കരുതും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചു റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകളും പ്രകൃതി സൗഹൃദമല്ലാത്ത മറ്റ് വസ്തുക്കളും ഒഴിവാക്കണമെന്ന് യോഗം  തീരുമാനിച്ചു. പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകളുടെ ഉല്പാദനവും വിതരണവും വില്‍പ്പനയും ഉപയോഗവും പ്രദര്‍ശനവും കര്‍ശനമായി നിരോധിക്കും.  കടകളില്‍ പ്ലാസ്റ്റിക് പതാകകള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കും.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖാ  സുരേന്ദ്രന്‍, തഹസില്‍ദാര്‍ എസ് ശശിധരന്‍ പിള്ള, പോലീസ്-ഫയര്‍ഫോഴ്‌സ് മേധാവികള്‍,  വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.172/2021)

 

date