Skip to main content

കേരളീയ സമൂഹത്തെ കൂടുതല്‍ ലക്ഷ്യബോധത്തിലേയ്ക്ക് നയിക്കാന്‍  യുവാക്കള്‍ക്ക് കഴിയും- മന്ത്രി എ.സി.മൊയ്തീന്‍

* ആര്‍ട്ട് ഡി ടൂര്‍ ഇന്ന് (മെയ് 4) തുടങ്ങും സമാപനം 14 ന്
    കേരളീയ സമൂഹത്തെ കൂടുതല്‍ ലക്ഷ്യബോധത്തിലേയ്ക്ക് നയിക്കാനും പുരോഗതിയിലൂടെ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകാനും യുവാക്കള്‍ക്ക് കഴിയുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന ആര്‍ട്ട് ഡി ടൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവജനക്ഷേമ ബോര്‍ഡ് ഇത്തരത്തിലുള്ള നൂതനമായ പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നുമുണ്ട്. മനുഷ്യന് അഭിപ്രായം പറയാനുള്ള സ്വാത്രന്ത്യവും മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസും നഷ്ടപ്പെടുന്ന ലോകമാണിത്. അതുകൊണ്ടുതന്നെ മാനവിക ആശയങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ യുവാക്കളുടെ ഇത്തരം കൂട്ടായ്മകളിലൂടെയും കലാ ആവിഷ്‌കാരങ്ങളിലൂടെയും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
    റിമാ കല്ലിങ്കല്‍ മുഖ്യാതിഥി ആയിരുന്നു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കലാസംഘത്തിന്റെ ഉദ്ഘാടനം കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു. സ്‌പോര്‍ട്ട്‌സ് യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, സ്‌പോര്‍ട്ട്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍നായര്‍, യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജറോം, യൂത്ത് കമ്മീഷന്‍ അംഗം അഡ്വ. ഐ. സാജു, സംഗീത നാടക സംഘം ഡയറക്ടര്‍ ജയചന്ദ്രന്‍ കടമ്പനാട്, ആര്‍ട്ട് ഡി ടൂര്‍ പ്രോഗ്രാം ഡയറക്ടര്‍ അജിത്ത് കുമാര്‍ ജി, മഹേഷ് കക്കത്ത്, സതീഷ് എസ്, ഷെരീഫ് പാലൊളി, അഫ്‌സല്‍ കുഞ്ഞ്‌മോന്‍, സന്തോഷ് കാല എന്നിവര്‍ സംസാരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു സ്വാഗതവും യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാമാങ്കം ഡാന്‍സ് കമ്പനി അവതരിപ്പിച്ച 'ധീര'  നൃത്തപരിപാടിയും നടന്നു. ഇന്ന് (മെയ് 4) രാവിലെ എട്ടിന് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന കലായാത്ര 14 വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് സമാപിക്കും.    

പി.എന്‍.എക്‌സ്.1647/18

date