Skip to main content

 പാല്‍ ഉല്പാദനത്തില്‍ കാസര്‍കോടിനെ      സ്വയംപര്യാപ്തമാക്കുവാന്‍ ക്ഷീരവികസന വകുപ്പ് 

 

      ജില്ലയെ പാല്‍ ഉല്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി ക്ഷീരവികസന വകുപ്പ്. ജില്ലയില്‍ നിലവില്‍ ആറു ബ്ലോക്കുകളിലായുള്ള 135 ക്ഷീരസഹകരണ സംഘങ്ങളിലെ എണ്ണായിരം കര്‍ഷകരില്‍ നിന്നുമായി പ്രതിദിനം 62000 ലിറ്റര്‍ പാല്‍ സംഭരിച്ചു വിപണനം ചെയ്യുന്നുണ്ട്. 
    2017-18 സാമ്പത്തിക വര്‍ഷം ജില്ലയില്‍ ക്ഷീരമേഖലയില്‍  മികവുപുലര്‍ത്തുന്ന കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളെ ഡയറി സോണ്‍ ബ്ലോക്കുകളായി പ്രഖ്യാപിച്ച് പദ്ധതികള്‍ നടപ്പിലാക്കി വരുകയാണ്. സംസ്ഥാന പദ്ധതിയിനത്തില്‍ 3.75 കോടി രൂപയും, ജനകീയാസൂത്രണ പദ്ധതി പ്രകാരം  4.25 കോടി രൂപയുമാണ് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത്.
     പാലുല്പാദന മേഖലയിലെ നവീന അറിവുകള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരിലേക്ക് പകര്‍ന്നു നല്‍കുന്നു. ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി, പാല്‍ഗുണ നിയന്ത്രണ ഉപഭോക്തൃ മുഖാമുഖം, ബ്ലോക്ക്, ജില്ല ക്ഷീരകര്‍ഷക സംഗമങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയവയും നടത്തിവരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിനായി 10,60,000 രൂപ പദ്ധതി ഇനത്തില്‍ ചെലവഴിച്ചു. പ്രതിദിനം പാല്‍ സംഭരിച്ചു വില്‍ക്കുന്ന ക്ഷീരസഹകരണ സംഘങ്ങളുടെ നവീകരണത്തിനായി 67,52,583 രൂപ 2017-18 വര്‍ഷം ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നതിന് അനുസരിച്ച് സംഘത്തിന് ഓഫീസും, ലാബ് സൗകര്യങ്ങളും ഒരുക്കുന്നതിന് 33 സംഘങ്ങള്‍ക്കും,  ആവശ്യാധിഷ്ഠിത ധനസഹായം പദ്ധതി പ്രകാരം 68 സംഘങ്ങള്‍ക്കും ധനസഹായം അനുവദിച്ചു. രണ്ട് സംഘങ്ങള്‍ക്ക് ഫാര്‍മേര്‍സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനും, മൂന്നു സംഘങ്ങള്‍ക്ക് മില്‍ക്ക് കലക്ഷന്‍ റും നിര്‍മ്മിക്കുന്നതിനും ധനസഹായം അനുവദിച്ചു. 
         കറവമാടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് എം.എസ്.ഡി.പി. പദ്ധതി നടപ്പിലാക്കി വരുന്നു. ഗോദാനം, രണ്ടു പശു യൂണിറ്റ്, അഞ്ചു  പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, 10 കിടാരി യൂണിറ്റ് പ്രകാരം 302 പശുക്കളെയും, 140 കിടാരികളെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി. 99 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി പ്രകാരവും, 50 കര്‍ഷകര്‍ക്ക് മില്‍ക്കിംഗ് മെഷീന്‍ വാങ്ങുന്നതിനുള്ള ധനസഹായവും, 42 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനുള്ള  ധനസഹായവും ഇക്കാലയളവില്‍ നല്‍കി. ചാണക വിപണനം, വെര്‍മി കമ്പോസ്റ്റ്, സൈലേജ് യൂണിറ്റ്, ധാതുലവണ മിശ്രിത വിതരണം എന്നീയിനങ്ങളിലായി എം.എസ്.ഡി.പി. പദ്ധതിക്കായി ഡയറി സോണിലും കണ്‍വെന്‍ഷണല്‍ സോണിലും കൂടി ആകെ 2,03,70,940 രൂപയുടെ ധനസഹായം അനുവദിച്ചു.  പ്രകൃതി ദുരന്തം, അസുഖം, അപകടം എന്നിവ മൂലം കന്നുകാലികളെ നഷ്ടപ്പെട്ട 42 കര്‍ഷകര്‍ക്ക്  ആകെ 4,35,000 രൂപ ധനസഹായം നല്‍കി. 
        പാല്‍ ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിനും, മായമില്ലാത്ത പാല്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനുമായി - ഓണക്കാല പാല്‍ പരിശോധന പരിപാടി, മാര്‍ക്കറ്റ് സാമ്പിള്‍ ടെസ്റ്റിംഗ്, ക്ഷീരസംഘങ്ങള്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായം, സംഘങ്ങള്‍ക്ക് നവീന പാല്‍ പരിശോധന സൗകര്യമൊരുക്കല്‍, വൃത്തിയായ രീതിയില്‍ പാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കല്‍, റീജിയണല്‍ ലാബ് പ്രവര്‍ത്തനം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 2,22,711 രൂപ ചെലവഴിച്ചു.  പാലുല്പാദന ചിലവ്  കുറച്ച് ഉല്പാദനം ലാഭകരമാക്കുന്നതിന് തീറ്റപ്പുല്‍ കൃഷി വികസന പരിപാടിയും, പാല്‍ വില ഇന്‍സെന്റീവും നല്‍കുന്നു. 
   

date